റിയാദ് (www.mediavisionnews.in): വര്‍ഷത്തില്‍ ഒന്നിലധികം തവണ ഉംറയ്‌ക്കെത്തുന്നവരുടെ ഫീസ് പുനപരിശോധിക്കണമെന്ന് മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സ്. ഉംറ തീര്‍ഥാടനത്തിന് സൗദിയിലെത്തുന്ന വിദേശികള്‍ക്കാണ് ഇത് ബാധകം. മാത്രമല്ല ഉംറ സര്‍വീസ് സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരുടെ എണ്ണം അഞ്ചായി കുറക്കണമെന്നും ചേംബര്‍ ഓഫ് കോമേഴ്‌സ് ആവശ്യപ്പെട്ടു.
ചേംബര്‍ ഓഫ് കോമേഴ്‌സിന് കീഴിലുളള തീര്‍ത്ഥാടക സമിതിയുടെ നേതൃത്വത്തില്‍ ഹജ്, ഉംറ കമ്പനി പ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയിലാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത്. വര്‍ഷത്തില്‍ രണ്ടാമതും ഉംറ തീര്‍ത്ഥാടനം നടത്തുന്നവര്‍ 2000 റിയാല്‍ എന്‍ട്രി ഫീസ് അടക്കണം. ഇത് ഒഴിവാക്കണമെന്ന് ശില്പശാല ആവശ്യപ്പെട്ടു.
ഉംറ സര്‍വീസ് കമ്പനികളുടെ ബാങ്ക് ഗ്യാരന്റി രണ്ടര ലക്ഷം റിയാലായി ഏകീകരിക്കണം. മക്കയിലും മദീനയിലും സര്‍വീസ് സ്ഥാപനങ്ങള്‍ക്ക് ആസ്ഥാനം വേണമെന്ന വ്യവസ്ഥക്ക് പകരം ഒരു സ്ഥലത്ത് ഓഫീസ് വേണമെന്ന നിയമം നടപ്പിലാക്കണം. തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന ഫീല്‍ഡ് സേവനങ്ങളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഉംറ കമ്പനികളെ അനുവദിക്കണം.
സര്‍വീസ് സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഹജ്, ഉംറ മന്ത്രാലയം പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണം. ഉംറ സര്‍വീസ് സ്ഥാപനങ്ങള്‍ ഇല്ലാത്ത വിദേശ രാജ്യങ്ങളിലെ തീര്‍ത്ഥാടകര്‍ക്ക് എംബസികള്‍ വഴി നടപടി ക്രമം പൂര്‍ത്തിയാക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും ശില്‍പശാല ആവശ്യപ്പെട്ടു.