വനിതാ രംഗപ്രവേശനം: സമസ്തക്കെതിരെ മന്ത്രി കെ.ടി ജലീലിന്റെ തെറിപ്രസംഗം

0
217

മലപ്പുറം(www.mediavisionnews.in): വനിതാ രംഗപ്രവേശനത്തിനെതിരായ പണ്ഡിതനിലപാടുകള്‍ക്കെതിരെ തെറിയഭിഷേകവുമായി മന്ത്രി ജലീല്‍. മതിലിന്റെ കാര്യത്തില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ നിഷിദ്ധമെന്നു മതവിധി പ്രഖ്യാപിച്ചിട്ടും അതിനെ പുല്ലുവില പോലും കല്‍പിക്കാതെയാണ് വനിതാ മതില്‍ സംഘടിപ്പിച്ചതെന്നു അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വനിതാമതിലിനെ അഭിസംബോധനം ചെയ്തു നടത്തിയ പ്രസംഗത്തില്‍ ലീഗിന്റെ കുഴലവൂത്തുകാരും വാലാട്ടികളുമാണ് സമസ്തയെന്നും കെ.ടി ജലീല്‍ ആക്ഷേപിച്ചു.

ലീഗ് എതിരായതിനാലാണ് അവര്‍ വനിതാമതിലിനെ എതിര്‍ക്കുന്നതെന്നും ഇതിനെതിരെ നടന്ന വനിതാ സംഗമത്തെ അവര്‍ എതിര്‍ത്തിരുന്നില്ലെന്നും അദ്ദേഹം ന്യായീകരിച്ചു. പ്രതിപക്ഷ കക്ഷികളും ബി.ജെ.പിയും ചില സാമുദായിക സംഘടനകളും മതില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നും അവരെ കാലഘട്ടത്തിന്റെ ചവറ്റുകൊട്ടയിലേക്ക് തള്ളിയാണ് പരിപാടി നടത്തുന്നതെന്നും പറഞ്ഞു പ്രസംഗം തുടങ്ങിയ മന്ത്രി, താനിരിക്കുന്നിടത്ത് താനിരുന്നില്ലെങ്കില്‍ അവിടെ ആരാണ് കയറിയിരിക്കുകയെന്നു ചിന്തിക്കണമെന്നും പറഞ്ഞാണ് തെറിപ്രസംഗം അവസാനിപ്പിച്ചത്. തുടര്‍ന്നു സ്റ്റേജില്‍ നിന്നിറങ്ങിയ മന്ത്രി ഭാര്യക്കൊപ്പം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലും ഇതേ വാക്കുകള്‍ ആവര്‍ത്തിക്കുകയും ചെയ്തു. മതസംഘടനകള്‍ സൂക്ഷിക്കണമെന്നു ഭീഷണി മന്ത്രി മുഴക്കിയാണ് തിരിച്ചുപോയത്.

വനിതാ മതിലിനെതിലിനെ കുറിച്ചു സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായുടേയും പോഷക സംഘടനകളുടേയും നേതാക്കളെ സമീപിച്ച മാധ്യമ പ്രവര്‍ത്തകരോട് വനിതാ രംഗപ്രവേശനത്തെ കുറിച്ച് ഇസ്‌ലാമിക നിലപാട് പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിരുന്നു. മതത്തിനൊരു മതിലുണ്ടെന്നും അതിനപ്പുറം നില്‍ക്കാന്‍ വിശ്വാസികള്‍ക്കാവില്ലെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ പറഞ്ഞിരുന്നു.
ഇന്നു രാവിലെ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരും ഇക്കാര്യം തന്നെ പറഞ്ഞു. പ്രത്യേകം ഒരുപരിപാടിക്കെതിരെ എന്നല്ല, വനിതകളെ രംഗത്തിറക്കുന്നതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിലപാടാണ് സമസ്ത നേതാക്കളെല്ലാം അഭിമുഖങ്ങളില്‍ പ്രത്യേകം എടുത്തുപറഞ്ഞത്. സര്‍ക്കാര്‍ പിന്തുണയോടെ നടത്തുന്ന ഒരു പരിപാടിയില്‍ കേരളത്തിലെ പ്രബല മുസ്‌ലിം സംഘടനക്കെതിരെ മന്ത്രി തെറിവിളി നടത്തിയത് സര്‍ക്കാരിനും വെല്ലുവിളിയായി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here