ന്യൂദല്‍ഹി(www.mediavisionnews.in): മോദി വീണ്ടും അധികാരത്തില്‍വന്നാല്‍ കേരളത്തിലും ബംഗാളിലും ബി.ജെ.പി. ഭരിക്കുമെന്ന് ബി.ജെ.പി ദേശീയ അധിക്ഷന്‍ അമിത് ഷാ. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ശക്തമാകുമെന്നും ഷാ പറഞ്ഞു. ദല്‍ഹിയില്‍ ആരംഭിച്ച ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.
രാജ്യത്തിന് ഉറച്ച സര്‍ക്കാരാണ് ആവശ്യമെന്നും ഇതു നല്‍കാന്‍ ബി.ജെ.പി.ക്ക് മാത്രമേ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് നല്‍കാന്‍ കഴിയുന്നത് ദുര്‍ബല സര്‍ക്കാരായിരിക്കും. ജനങ്ങള്‍ പാറപോലെ മോദിക്കുപിന്നില്‍ ഉറച്ചുനിന്നാല്‍ വീണ്ടും ബി.ജെ.പി. അധികാരത്തില്‍വരുമെന്നും ഷാ വ്യക്തമാക്കി.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. അയോധ്യയില്‍ എവിടെയാണോ ക്ഷേത്രം ഉണ്ടായിരുന്നത് അവിടെത്തന്നെയാകും പുതിയ ക്ഷേത്രവും നിര്‍മിക്കുക. കോടതിയില്‍ കേസ് നടത്തി രാമക്ഷേത്രനിര്‍മാണം നീട്ടിക്കൊണ്ടുപോകുന്നത് കോണ്‍ഗ്രസാണ്. കോടതിയിലെ കേസ് വേഗത്തില്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നേതൃത്വത്തിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് ദല്‍ഹി രാംലീല മൈതാനിയില്‍ രണ്ട് ദിവസത്തേക്ക് ബി.ജെ.പി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.