മഞ്ചേശ്വരത്ത് വർഗ്ഗീയ കലാപമുണ്ടാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു – മുസ്ലിം ലീഗ്

0
216

കുമ്പള (www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിൽ വർഗ്ഗീയ കലാപമുണ്ടാക്കാൻ സംഘപരിവാർ, ബി ജെ പി, ആർ എസ് എസ് സംഘടനകൾ ശ്രമിക്കുന്നതായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു. മണ്ഡലം ഏതു സമയവും ഒരു കലാപ ഭീതിയിലാണ് നിലകൊള്ളുന്നതെന്നും സംസ്ഥാന അതിർത്തിക്കപ്പുറത്ത് നിന്നും എത്തുന്ന ഗുണ്ടകളാണ് ഇവിടെ അക്രമം നടത്തുന്നതെന്നും നേതാക്കൾ സൂചിപ്പിച്ചു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിന്റെ മറവിൽ തലപ്പാടി, മഞ്ചേശ്വരം, ഉപ്പള, ബന്തിയോട്, മൊറത്തണ, ബായാർ ഭാഗങ്ങളിൽ നടന്ന അക്രമ സംഭവങ്ങൾ ഭീതി ഉളവാക്കുന്നതാണെന്നും നേതാക്കൾ പറഞ്ഞു. ബായാറിൽ മുഖം മൂടിക്കെട്ടി സംഘടിച്ചെത്തിയ സംഘപരിവാർ ഗുണ്ടകൾ തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനായ അബ്ദുൽ കരീം മുസ്ലിയാർ ഇപ്പൊഴും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അത്യാസന്ന നിലയിൽ കഴിയുന്നു.

അതേ ദിവസം തലപ്പാടിയിൽ വച്ച് കല്ലേറിൽ പരിക്കേറ്റ കാർ യാത്രക്കാരായിരുന്ന ഉജിരെയിലെ ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞ് അപകടനില ഇനിയും തരണം ചെയ്തിട്ടില്ല. നിയമത്തിന്റെ നൂലാമാലകൾ ഭയന്ന് പരാതി നൽകാ ത്ത ഈ കുടുംബത്തിലെ ഈ കുഞ്ഞും അത്യാസന്ന നിലയിൽ ആശുപത്രിയിലാണെന്ന് നേതാക്കൾ പറഞ്ഞു. മുസ്ലിയാരെ വധിക്കാൻ ശ്രമിച്ച കേസിൽ നാൽപതോളം വരുന്ന അക്രമി സംഘത്തിലെ ഏഴു പേരെ പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലും യഥാർത്ഥ പ്രതികൾ വലയ്ക്ക് പുറത്താണെന്ന് നേതാക്കൾ പറഞ്ഞു.

മഞ്ചേശ്വരത്ത് വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ രണ്ട് വിശ്വാസികളെ വെട്ടിയതും സംഘപരിവാറാണെന്നും പ്രത്യേക ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തിയാൽ ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാനാകുമെന്നും ലീഗ് ഭാരവാഹികൾ പറഞ്ഞു. ഈ സംഭവവും പ്രദേശത്ത് സൗഹാർദത്തോടെ കഴിഞ്ഞു വരുന്ന ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിൽ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ച് കലാപമുണ്ടാക്കി തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി ബി ജെ പി, ആർ എസ് എസ്, സംഘപരിവാർ ഉണ്ടാക്കിയ നാടകമാണെന്ന് നേതാക്കൾ ആരോപിച്ചു.

അക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽകിയ ബി ജെ പി നേതാക്കളെ സംരക്ഷിക്കാൻ കുമ്പള, മഞ്ചേശ്വരം പൊലീസ് ശ്രമിക്കുന്നതായും നേതാക്കൾ ആരോപിച്ചു. ബന്തിയോട്ട് അക്രമങ്ങൾക്ക് നേതൃത്വം നൽകിയത് യുവമോർച്ച നേതാവ് ബിജുറൈയാണെന്ന് പൊലീസിനോട് പറഞ്ഞിട്ടും തന്നെ അറസ്റ്റു ചെയ്യാൻ സാമൂഹിക മാധ്യമങ്ങളിൽ പൊലീസിനെ വെല്ലുവിളിച്ച അയാളെ അറസ്റ്റു ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് ഉപ്പളയിൽ നടന്ന രാഷ്ട്രീയ കലാപങ്ങൾക്ക് നേതൃത്വം നൽകിയതും ബിജു റൈ ആയിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

നായിക്കാപ്പിൽ ആക്രമിക്കപ്പെട്ട കാർ യാത്രക്കാർക്കെതിരെ കേസെടുക്കാനാണ് പൊലീസ് താത്പര്യപ്പെട്ടത്. ബന്തിയോട് വച്ച് ആക്രമിക്കപ്പെട്ട സാധാരണക്കാർക്കും
സംഭവങ്ങൾ നടക്കുമ്പോൾ പൊലീസിനൊപ്പം ഉണ്ടായിരുന്ന മുസ്ലിം ലീഗ് പ്രാദേശിക നേതാവിനെതിരെയും പൊലീസ് കേസെടുത്തു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ ‘തൂക്കം ഒപ്പിക്കാനാ’ണിതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

ഈ അനീതിയെ കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്നും പൊലീസിനെതിരെ ചൊവ്വാഴ്ച ശക്തമായ ബഹുജന പ്രക്ഷോഭം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ എകെ എം അഷ്റഫ്, എം.അബാസ്, ഗോൾഡൻ റഹ്മാൻ എന്നിവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here