ഉപ്പള (www.mediavisionnews.in): മംഗൽപ്പാടിയിൽ പീഡനത്തിനിരയായ കുട്ടിയിൽ നിന്ന് മൊഴിയെടുക്കാൻ ചൈൽഡ് ലൈൻ പ്രവർത്തകരെത്തി. കഴിഞ്ഞ ദിവസം മംഗൽപ്പാടി കുക്കാറിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായതിൽ ദുരൂഹതയാരോപിച്ചു നാട്ടുകാർ രംഗത്ത് വന്നിരുന്നു. മാധ്യമ വാർത്തയെ തുടർന്ന് കുട്ടിയിൽ നിന്നും മൊഴിയെടുക്കാൻ ചൈൽഡ് ലൈൻ പ്രവർത്തകരെത്തിയപ്പോൾ കുട്ടിയെ വീണ്ടും വീട്ടിൽ നിന്നും മാറ്റിയതായി ആരോപണം.
വമ്പൻ സ്രാവുകളാണ് ഇതിനു പിന്നിലെന്ന് നാട്ടുകാർ പറയുന്നു. പ്രായമായ അച്ഛനെയും മാനസികനില തകരാറിലായ അമ്മയെയും ഉപേക്ഷിച്ചായിരുന്നു കുട്ടി സ്ഥലം വിട്ടിരുന്നത്. താൻ ഉള്ളാൾ പള്ളിയുടെ അടുത്തുണ്ടെന്നു കുട്ടി തന്നെ വീട്ടുകാരെ അറിയിച്ചതനുസരിച്ചു ബന്ധുക്കളും, പോലീസും അവിടെ പോയി കുട്ടിയെ കസ്റ്റഡിയിലെടുത്തു കോടതിയിൽ ഹാജരാക്കിയിരുന്നു.
കുട്ടിയുടെ ഫോട്ടോയെടുത്തു ഒരു യുവാവ് നിരന്തരം ശല്യപ്പെടുത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. പല യുവാക്കളും ഇവിടെ തമ്പടിക്കുന്നുണ്ട്. തൊട്ടടുത്ത ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയെ ഇവർ നിരന്തരം ബ്ലാക്മെയിൽ ചെയ്യുന്നതിനാൽ അവർ ജോലി ഉപേക്ഷിച്ചിരുന്നു.
പ്രായപൂർത്തിയാവാത്ത കുട്ടി ഒറ്റക്ക് താമസിക്കാൻ തുടങ്ങിയത് ഈ യുവാവിന്റെ ശല്യം സഹിക്കാതെയാണെന്നു കുട്ടി തന്നെ പറയുന്നു. കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ കസ്റ്റഡിയിൽ വാങ്ങി മൊഴിയെടുത്താൽ കൂടുതൽ പീഡന വിവരങ്ങൾ പുറത്തു വരുമെന്ന് നാട്ടുകാർ പറയുന്നു. കുട്ടിയുടെ തൊട്ടടുത്ത സ്ഥലത്തെ യുവാവാണിപ്പോൾ ഭീഷണിപ്പെടുത്തുന്നത്.
ഇത്തരക്കാർക്കെതിരെ പോക്സോ നിയമം ചുമത്തി കർശനമായ ശിക്ഷ നൽകിയാൽ മറ്റു കുട്ടികളെങ്കിലും രക്ഷപ്പെടുമെന്നും നാട്ടുകാർ പറയുന്നു.