ഉപ്പള(www.mediavisionnews.in) : ഉപ്പള റെയില്‍വേ സ്റ്റേഷനോടുള്ള റെയില്‍വേ അധികൃതരുടെ നിരന്തരമായ അവഗണനക്കെതിരെ ബഹുജന പ്രക്ഷോപവുമായി എച്ച്.ആര്‍.പി.എം. ഇന്നലെ എച്ച്.ആര്‍.പി.എമ്മിന്‍റെ നേതൃത്വത്തില്‍ നടന്ന സായാഹ്ന ധര്‍ണയില്‍ പ്രതിഷേധമിരമ്പി. കൂടാതെ ഇന്ന് മുതല്‍ ഉപ്പള ടൗണില്‍ വെച്ച് എച്ച്.ആര്‍.പി.എമ്മും സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റിയും സംയുക്തമായി അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്തും.
മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പ്പാടി, പൈവളികെ, മീഞ്ച പഞ്ചായത്തിലെ ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ യാത്രാകേന്ദ്രവുമാണ് ഉപ്പള. മൂന്നു പഞ്ചായത്തുകളിലായി നൂറില്‍പ്പരം സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നു. കാസര്‍കോട്, മംഗല്‍പ്പാടി നഗരങ്ങള്‍ക്കിടയില്‍ അനുദിനം വളരെ വേഗത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു പട്ടണമാണ് ഉപ്പള. പക്ഷേ റെയില്‍വേയുടെ കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഉപ്പളയിലെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളായ റിസര്‍വേഷന്‍ സൗകര്യം, നേത്രാവതി, മാവേലി, ഏറനാട് എക്സ്പ്രസുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കല്‍, ഉപ്പള ടൗണിനെ തീരദേശവുമായി ബന്ധിപ്പിക്കാനായുള്ള അടിപ്പാത നിര്‍മ്മിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ റെയില്‍വേ അധികൃതര്‍ അംഗീകരിക്കാത്തതിലായിരുന്നു ധര്‍ണ്ണാസമരം സംഘടിപ്പിച്ചത്.
ധര്‍ണ എച്ച്.ആര്‍.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. എച്ച്.ആര്‍.പി.എം മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ട് രാഘവ ചേരാല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.എഫ് ഇഖ്ബാല്‍ സ്വാഗതം പറഞ്ഞു. അഡ്വ. ബാലകൃഷ്ണ ഷെട്ടി, അസീം മണിമുണ്ട, മഹ്മൂദ് കൈക്കംബ, എം.കെ അലി മാസ്റ്റര്‍, നാഫി ബപ്പായിതൊട്ടി, ബി.എം മുസ്തഫ, റഹ്മാന്‍ ഗോള്‍ഡന്‍, അമീര്‍ മാസ്റ്റര്‍, അഡ്വ. കരീം പൂന, അബു തമാം, ബാലാമണി ടീച്ചര്‍, ജലീല്‍ ഷിറിയ, സീനത്ത് സക്കരിയ, ഗുരുസ്വാമി, മന്‍സൂര്‍ മല്ലത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹമീദ് കോസ്മോസ് നന്ദി പറഞ്ഞു.
ഇന്ന് (02/01/2019) നടക്കുന്ന അനിശ്ചിത കാല റിലേ സത്യാഗ്രഹം കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും.