ഉപ്പള(www.mediavisionnews.com): ഉപ്പളയിൽ കാൽപന്ത് കളിയുടെ ആവേശമുണർത്തി സിറ്റിസൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന പൊമോന ഉപ്പള സോക്കർ ലീഗ് (യു.എസ്.എൽ) നാലാം പതിപ്പ് ഫുട്‍ബോൾ ടൂർണമെന്റിന് തുടക്കമായി. ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി മണ്ണംകുഴി സ്റ്റേഡിയത്തിൽ മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 5 വർഷമായി തദ്ദേശീയരായ കളിക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് വിജയകരമായി നടപ്പിലാക്കി വരുന്ന യു.എസ്.എൽ ടൂർണമെന്റ് ഇതിനകം തന്നെ മികച്ച ജനപ്രീതി ലഭിച്ച ടൂർണമെന്റാണ്. പ്രദേശത്ത് നിന്നും മികച്ച ഫുട്‍ബോൾ കളിക്കാരെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ടൂർണമെന്റ് അതിന്റെ ലക്ഷ്യ പ്രാപ്തിയിലേക്ക് നടന്നടുക്കുകയാണ്. ഇതിനകം തന്നെ നിരവധി സംസ്ഥാന -ജില്ലാ താരങ്ങളെ സമ്മാനിക്കാൻ ടൂർണമെന്റിന് സാധിച്ചു.
തിരെഞ്ഞെടുത്ത 60 കളിക്കാരെ പങ്കെടുപ്പിച്ചു 6 ടീമുകളായാണ് യു.എസ്.എൽ മാമാങ്കത്തിൽ അരങ്ങേറുന്നത്.രണ്ടാഴ്ച കാലം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ എഫ്.എൻ സോക്കാർ, യു.ബി സോക്കർ, എഫ്.സി മണിമുണ്ട, എഫ്.സി ബാഴ്സ കെ.ബി, സ്‌ട്രൈക്കേഴ്‌സ് എഫ്.സി, ഷൂട്ടേർസ് മജൽ എന്നിങ്ങനെ 6 ടീമുകളിയായി 60 താരങ്ങൾ യു.എസ്.എല്ലിൽ ബൂട്ടണിയും.
സിറ്റിസൺ സ്പോർട്സ് ക്ലബ് പ്രസിഡന്റ് ഷെയ്ഖ് അക്തർ പതാക ഉയർത്തി. മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റസാഖ് ബാപ്പായിത്തൊട്ടി, റഹ്‌മാൻ ഗോൾഡൻ, റഷീദ് മജൽ, ഹനീഫ് ബാപ്പായിത്തൊട്ടി, ഉമ്പായി സിറ്റിസൺ, അഷ്‌റഫ് സിറ്റിസൺ, തുടങ്ങിയവർ സംബന്ധിച്ചു.
ഉദ്ഘാടന മത്സരത്തിൽ എഫ്.എൻ സോക്കാർ ഒന്നിനെതിരെ രണ്ട് ഗോളിന് എഫ്.സി മണിമുണ്ടയെ പരാജയപ്പെടുത്തി. ആദ്യ മത്സരത്തിലെ മികച്ച കളിക്കാരനായി എഫ്.എൻ സോക്കറിന്റെ രഞ്ജിത്തിനെ തെരെഞ്ഞെടുത്തു.