കാസര്‍ഗോഡ്(www.mediavisionnews.in): കേരളത്തിലേക്ക് വരുന്ന ദീര്‍ഘദൂര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും വിശ്രമിക്കുന്നതിനും മറ്റുമായി അത്യാധുനിക സൗകര്യങ്ങളുമായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. വിശ്രമത്തിനു പുറമെ മെഡിക്കല്‍ പരിശോധനകള്‍ക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഭക്ഷണത്തിനും ഉള്‍പ്പെടെ കാസര്‍കോട് ജില്ലാതിര്‍ത്തിയായ ഹൊസങ്കടിയില്‍ ദേശീയപാതയ്ക്ക് സമീപത്തെ സര്‍ക്കാര്‍ ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കേന്ദ്രം വരുന്നത്. ഇതിനായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ജില്ലാ ടൂറിസം പ്രോമോഷന്‍ കൗണ്‍സിനെ(ഡിടിപിസി) ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗം ചുമതലപ്പെടുത്തി.
ഉത്തരേന്ത്യയില്‍ നിന്നടക്കമുള്ള ചരക്കുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിത്. ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ വിശ്രമവും മെഡിക്കല്‍ പരിശോധനകളും ലഭിക്കുന്നതോടെ പിന്നീടുള്ള യാത്ര ഇവര്‍ക്ക് കൂടുതല്‍ ഉന്മേഷം നല്‍കുന്നതും അപകടങ്ങള്‍ കുറയ്ക്കാന്‍ കാരണമാകുകയും ചെയ്യും. സാധാരണഗതിയില്‍ ദീര്‍ഘദൂരയാത്ര ചെയ്യുന്ന ചരക്കുവാഹനങ്ങള്‍ പാതയോരങ്ങളില്‍ പാര്‍ക്ക് ചെയ്ത് വാഹനത്തില്‍ ഡ്രൈവറും സഹായികളും വണ്ടിയില്‍തന്നെ വിശ്രമിക്കുകയുമാണ് പതിവ്. പലരും ആവശ്യമായ വിശ്രമം പോലുമില്ലാതെയാണ് പിന്നീട് ദീര്‍ഘയാത്ര തുടരുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്.
ഒരു കുടക്കീഴില്‍ എല്ലാ സംവിധാനങ്ങളും ലഭ്യമാക്കുന്ന രീതിയിലാണു ഹൊസങ്കടിയിലെ കേന്ദ്രം വിഭാവന ചെയ്യുന്നത്. ഇവിടെ പോലീസ്, മെഡിക്കല്‍, മോട്ടോര്‍ വാഹനവകുപ്പ്, എക്സൈസ് വകുപ്പ്, ജിഎസ്ടി തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. ഡ്രൈവര്‍മാര്‍ക്കും മറ്റും വിശ്രമിക്കുന്നതിനും മറ്റുമായി കുറഞ്ഞ വാടകയ്ക്ക് ശീതികരിച്ച സൗകര്യമുള്‍പ്പെടെയുള്ള മുറികളും ലഭിക്കും.
ഇവിടെ എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് കാഴ്ച പരിശോധന, രക്തസമ്മര്‍ദ്ദ പരിശോധന ഉള്‍പ്പെടെയുള്ള മെഡിക്കല്‍ പരിശോധനകളും നടത്തും. കൂടാതെ ഇവര്‍ക്ക് ആവശ്യമായ വിശ്രമം നല്‍കിയതിനുശേഷമാകും തുടര്‍ യാത്രയ്ക്ക് അനുവദിക്കുന്നത്. കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതക്കുരിക്ക് ഒഴിവാക്കുവാന്‍ ട്രാഫിക്ക് സിഗ്‌നല്‍ സംവിധാനത്തിലെ സമയക്രമം പുന:ക്രമീകരിക്കുന്നതിനും കെഎസ്ടിപിയെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.