ടൂറിസ്റ്റ് ബസില്‍ അലങ്കാരങ്ങള്‍ വേണ്ടെന്നത് ഒടുവില്‍ ഹൈക്കോടതിയും ശരിവച്ചു

0
245

കൊച്ചി(www.mediavisionnews.in)::കരാറടിസ്ഥാനത്തില്‍ ഓടുന്ന സ്വകാര്യ ടൂറിസ്റ്റ്ബസുകളില്‍ നിയമാനുസൃതമല്ലാത്ത ലൈറ്റുകളും അതീവ്ര ശബ്ദസംവിധാനവും ബോഡിയുടെ വശങ്ങളില്‍ ചിത്രങ്ങളും അനുവദിക്കരുതെന്ന് ഹൈക്കോടതി.ഇക്കാര്യങ്ങളില്‍ മോട്ടോര്‍ വാഹനനിയമവും ചട്ടവും കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ നിര്‍ദേശിച്ചു. വിനോദയാത്രയ്ക്കും മറ്റും വാടകയ്ക്ക് ഓടുന്ന ബസുകളുള്‍പ്പെടെയുള്ള സ്വകാര്യബസുടമകളുടെ ഹര്‍ജികളിലാണിത്.

നിയമപ്രകാരമല്ലാത്ത എല്‍.ഇ.ഡി., ലേസര്‍ ലൈറ്റുകളും അതിതീവ്ര ശബ്ദസംവിധാനവും ചിത്രങ്ങളുമുള്‍പ്പെടെ നീക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ നോട്ടീസ് ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കി. അനധികൃത ലൈറ്റുകളും മറ്റും നീക്കി ബസ് പരിശോധനയ്ക്ക് ഹാജരാക്കാനാണ് നോട്ടീസെന്ന് കോടതി ചൂണ്ടിക്കാട്ടി. അതില്‍ സ്വാഭാവികനീതി ലംഘനമില്ല.

തുടര്‍ പരിശോധനകളില്‍ നിയമലംഘനം കണ്ടാല്‍ മാത്രമേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള നടപടി ആരംഭിക്കൂ. ഈ നടപടി മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചാണ് നടത്തുകയെന്നും കോടതി വ്യക്തമാക്കി. പരിശോധനയ്‌ക്കെത്തുന്ന വാഹനങ്ങളില്‍ ചെറിയവീഴ്ചകള്‍ കണ്ടാല്‍ പരിഹരിക്കാന്‍ ന്യായമായ സമയം നല്‍കാനും കോടതി നിര്‍ദേശിച്ചു.

കോടതി നിര്‍ദേശങ്ങള്‍

എല്‍.ഇ.ഡി. ലൈറ്റ്, ബഹുവര്‍ണ എല്‍.ഇ.ഡി. വെളിച്ചം എന്നിവ ഒഴിവാക്കണം. മോട്ടോര്‍ വാഹനനിയമം അനുശാസിക്കുന്ന ഇന്‍ഡിക്കേറ്റര്‍, റിഫ്‌ലക്ടര്‍ നിലനിര്‍ത്താം

മിന്നിത്തെളിയുന്ന ലൈറ്റുകള്‍, കറങ്ങുന്ന എല്‍.ഇ.ഡി. ലൈറ്റ്, ലേസര്‍ ലൈറ്റ് തുടങ്ങിയവ നീക്കണം.

അതിതീവ്ര ശബ്ദസംവിധാനം ഒഴിവാക്കണം. മള്‍ട്ടിപ്പിള്‍ പവര്‍ ആംപ്ലിഫയര്‍, സ്പീക്കറുകള്‍ തുടങ്ങിയവ അനുവദനീയമല്ല. വാഹനത്തിന്റെ വലുപ്പം അനുസരിച്ച് ഓഡിയോ സിസ്റ്റമാവാം.

വാഹനത്തിനുപുറത്ത് വരച്ചിടുന്ന ചിത്രങ്ങള്‍ നീക്കണം. ഉടമയുടെ പേര്, വിലാസം എന്നിവ നിലനിര്‍ത്തണം.

വശങ്ങളിലെ ചില്ലുകളില്‍ ചിത്രങ്ങള്‍ പാടില്ല. തിരശ്ശീല, നിറമുള്ള ഫിലിം ഒട്ടിക്കല്‍ എന്നിവ അനുവദനീയമല്ല.

സര്‍ക്കാര്‍ അറിയിച്ചത്

ബസ്സിനുപുറത്ത് വിവിധനിറങ്ങളിലുള്ള ലൈറ്റുകളും എല്‍.ഇ.ഡി.സ്ട്രിപ്പുകളും പിടിപ്പിക്കുന്നത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും റോഡുപയോഗിക്കുന്ന വിഷമമുണ്ടാക്കുന്നു.

വശങ്ങളിലെ ചിത്രങ്ങള്‍ മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കും.

എല്‍.ഇ.ഡി., ലേസര്‍ എന്നിവ ഉപയോഗിച്ച് ഡി.ജെ. ലൈറ്റുകളും അതിതീവ്ര ശബ്ദസംവിധാനത്തിനും അധിക വൈദ്യുതി ആവശ്യമാണ്. ബസ്സിലെ സ്വാഭാവിക ഡയറക്ട് കറന്റിനു(ഡി.സി.) പുറമേ ആള്‍ട്ടര്‍നേറ്റ് കറന്റും (എ.സി.) ഇതിന് ഉപയോഗിക്കുന്നു. രണ്ടുതരം വൈദ്യുതി ഒരുമിച്ചുപയോഗിക്കുന്നത് തീപ്പിടിത്തമടക്കമുള്ള സുരക്ഷാപ്രശ്‌നമുണ്ടാക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here