ബെംഗളൂരു(www.mediavisionnews.in): വിധാൻ സൌധയിൽ നടന്ന കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിന് ശേഷം പങ്കെടുത്ത എല്ലാ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റി. ബിദഡിയിലെ റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റുന്നത്. ആകെ 75 എംഎൽഎമാരാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്. കർണാടക നിയമസഭയിൽ കോൺഗ്രസിന് ആകെ 80 എംഎൽഎമാരാണുള്ളത്. ഇതിൽ ഒരാൾ സ്പീക്കറാണ്. നാല് വിമത എംഎൽഎമാർ ഇന്ന് യോഗത്തിൽ നിന്ന് വിട്ടു നിന്നു.
യോഗശേഷമാണ് 75 എംഎൽഎമാരെയും രണ്ട് ടൂറിസ്റ്റ് ബസ്സുകളിൽ കയറ്റി റിസോർട്ടിലേക്ക് മാറ്റിയത്. കർണാടക പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും എംഎൽഎമാർക്കൊപ്പം ബസ്സിലുണ്ട്. ഇന്ന് യോഗത്തിൽ പങ്കെടുത്ത എംഎൽഎമാരെല്ലാം ഒപ്പം നിൽക്കുമെന്ന പ്രതീക്ഷ കോൺഗ്രസിനില്ല എന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. ആഭ്യന്തരകലാപം തുടരുന്നതിനാൽത്തന്നെയാണ് ബിജെപി എംഎൽഎമാരെ ചാക്കിട്ട് പിടിക്കുന്നത് തടയാൻ റിസോർട്ടിലേക്ക് മാറ്റുന്നത്.
ഭരണപ്രതിസന്ധിക്കിടെ ബെംഗളൂരുവിൽ കോൺഗ്രസ് വിളിച്ചുചേർത്ത നിയമസഭാ കക്ഷിയോഗം വൈകിട്ട് നാല് മണിയോടെയാണ് തുടങ്ങിയത്. കർണാടകത്തിലെ കോൺഗ്രസ് നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. വരാത്തവർക്ക് നോട്ടീസ് നൽകുമെന്നും കൂറുമാറ്റനിരോധനനിയമപ്രകാരം ഇവരെ അയോഗ്യരാക്കാൻ സ്പീക്കർക്ക് കത്തു നൽകുമെന്നും സിദ്ധരാമയ്യ വിപ്പ് പുറപ്പെടുവിച്ചിരുന്നതാണ്.
വിപ്പുണ്ടായിട്ടും വിമതരായ നാല് എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കാനെത്തിയില്ല. എന്നാൽ രണ്ട് എംഎൽഎമാർ വരാതിരുന്നതിന് കാരണം ബോധിപ്പിച്ചിട്ടുണ്ട്. ഉമേഷ് യാദവും ബി നാഗേന്ദ്രയുമാണ് കാരണം ബോധിപ്പിച്ചത്. എന്നാൽ മുൻ മന്ത്രിയായിരുന്ന രമേഷ് ജർക്കിഹോളിയും മഹേഷ് കുമത്തള്ളിയും വിട്ടുനിൽക്കുകയാണ്. വരാത്തതെന്തെന്ന കാരണവും ബോധിപ്പിച്ചിട്ടില്ല. ഉമേഷ് യാദവും ബി നാഗേന്ദ്രയും പാർട്ടിയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
75 പേരെ യോഗത്തിനെത്തിക്കാൻ കഴിഞ്ഞതോടെ സർക്കാർ താഴെ വീഴില്ലെന്ന ആശ്വാസത്തിലാണ് കോൺഗ്രസ്. ഈ എംഎൽഎമാരെയെല്ലാം റിസോർട്ടിലേക്ക് മാറ്റിയാൽ കൂടുതൽ പേർ കളംമാറുന്നത് തടയാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.