ഉപ്പള റെയിൽവെ സ്റ്റേഷൻ: സമരം ശക്തമാക്കും; പ്രമുഖർ സംബന്ധിക്കും

0
192

കുമ്പള(www.mediavisionnews.in): നൂറു വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനമാരംഭിച്ച ഉപ്പള റെയിൽവെ സ്റ്റേഷൻ അടച്ചു പൂട്ടാനുള്ള അധികതരുടെ നീക്കത്തിനെതിരെ നാട്ടുകാർ നടത്തിവരുന്ന സമരം കൂടുതൽ ശക്തമാക്കുമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

113 വർഷം പഴക്കമുള്ള റെയിൽവെ സ്റ്റേഷനാണ് ലാഭകരമല്ലെന്നും ദൂരപരിധി മാനദണ്ഡങ്ങൾ എടുത്തുകാട്ടിയും അടച്ചുപൂട്ടാൻ അധികൃതർ കോപ്പുകൂട്ടുന്നത്. ഇതിനെതിരെ ഉപ്പളയിൽ സമരസമിതി അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തി വരികയാണ്. 14 ജീവനക്കാർ ഉണ്ടാവേണ്ട ഉപ്പള റെയിൽവെ സ്റ്റേഷനിൽ നിലവിൽ ഒരാൾ മാത്രമാണ് സേവനം ചെയ്യുന്നത്. ദിനേന ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവെ സ്റ്റേഷനിൽ ഒരാളെ വച്ച് എങ്ങനെയാണ് ലാഭകരമാക്കുക എന്ന് ഭാരവാഹികൾ ചോദിച്ചു. മുഴുവൻ യാത്രക്കാർക്കും ടിക്കറ്റുകൾ നൽകാൻ പോലും ഒരാളെക്കൊണ്ടാവുന്നില്ലെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.

നാലു പഞ്ചായത്തുകളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളെയും യാത്രക്കാരെയും ബാധിക്കുന്ന പ്രശ്നമാണിതെന്നും അതിനാൽ വരും നാളുകളിൽ സമരത്തിന്റെ മുഖം മാറുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. എല്ലാ രാഷ്ട്രീയ സംഘടനകളുടെയും പിന്തുണ സമരത്തിന് ലഭിക്കുന്നതായി അവർ അവകാശപ്പെട്ടു.

പ്രമുഖ രാഷ്ട്രീയ നേതാക്കളായ വി.എം സുധീരൻ, പി.കെ കുഞ്ഞാലിക്കുട്ടി എം.പി എന്നിവരും സാമൂഹിക, സാംസ്കാരിക, മനുഷ്യാവകാശ പ്രവർത്തകരായ മേധാ പട്കർ, സി.കെ ജാനു, ദയാഭായ്, രാഹുൽ ഈശ്വർ, സുരേഷ് ഗോപി എം.പി, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയ പ്രമുഖരും വരും നാളുകളിൽ സമരത്തെ പിന്തുണച്ച് ഉപ്പളയിലെത്തുമെന്നും നേതാക്കൾ പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ സമരസമിതി ചെയർമാൻ കെ.എഫ് ഇഖ്ബാൽ, കോ-ഓർഡിനേറ്റർ മഹമൂദ് കൈക്കമ്പ, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ യൂത്ത് സെല്ല് സംസ്ഥാന ട്രഷറർ നാസർ ചെർക്കളം എന്നിവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here