ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒമ്പത് പേരുടെ ആസ്തി രാജ്യത്തിന്റെ 50 ശതമാനം ആസ്തിക്ക് തുല്ല്യമാണെന്ന് റിപ്പോര്‍ട്ട്

0
272

ന്യൂഡല്‍ഹി(www.mediavisionnews.in): ഒരു നേരത്തെ ആഹാരത്തിനും കുട്ടികളുടെ പഠനത്തിനുമായി സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ രാജ്യത്തെ അതിസമ്പന്നരായ കുറച്ച് പേരുടെ അമിത സാമ്പത്തിക വളര്‍ച്ച ധാര്‍മ്മികമായി അതിരുകടക്കുന്നതാണെന്ന് അന്തരാഷ്ട്ര ഏജന്‍സിയായ ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബൈമാനിയ പറഞ്ഞു. ഓക്‌സ്ഫാം ഇന്റര്‍നാഷണലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. അതിസമ്പന്നാരായ ഒമ്പത് പേരുടെ കയ്യിലാണ് രാജ്യത്തെ 50 ശതമാനം വരുന്ന ആസ്തിയുമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

പത്ത് ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലാണ് രാജ്യത്തെ 77 ശതമാനം സമ്പത്തും ഉള്ളത്. രാജ്യത്തെ അറുപത് ശതമാനം വരുന്ന ജനങ്ങള്‍ക്ക് ലഭ്യമാകുന്നത് 4.8 ശതമാനം മാത്രമാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ ഏറ്റവും ദരിദ്രരായ പത്ത് ശതമാനം വരുന്ന 13.6 കോടി ഇന്ത്യക്കാര്‍ 2004 മുതല്‍ കടബാധ്യതയില്‍ തുടരുകയാണെന്ന് ഓക്‌സ്ഫാം കൂട്ടിച്ചേര്‍ത്തു. 18 ശതകോടീശ്വരന്‍മാരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്ത് പുതുതായി ഉണ്ടായത്. ഇതോടെ രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ എണ്ണം 119 ആയി ഉയര്‍ന്നു. 28 ലക്ഷം കോടി രൂപയാണ് ഇവരുടെ ആകെ സമ്പത്ത്.

36 ശതമാനം വളര്‍ച്ചയാണ് രാജ്യത്തെ ഒരു ശതമാനം വരുന്ന അതി സമ്പന്നര്‍ക്ക് ഒരു വര്‍ഷം കൊണ്ട് ഉണ്ടായത്. എന്നാല്‍ വെറും മൂന്ന് ശതമാനം മാത്രം വളര്‍ച്ചയാണ് രാജ്യത്തെ പകുതിയോളം വരുന്ന ദരിദ്രജനങ്ങളുടെ സമ്പത്തിലുണ്ടായത്. രാജ്യത്തെ സമ്പത്തിന്റെ വിതരണത്തിലുള്ള കടുത്ത അസന്തുലിതാവസ്ഥ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ തന്നെ തകിടംമറിക്കുന്നതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുമേഖലകളില്‍ സര്‍ക്കാര്‍ വേണ്ടത്ര പണം നിക്ഷേപിക്കാത്തതും, അതി സമ്പന്നരും, വന്‍കിട കമ്പനികളും കൃത്യമായി നികുതിയടക്കാത്തതും രാജ്യത്ത് സാമ്പത്തിക അസന്തുലിതാവസ്ഥ വര്‍ധിക്കാന്‍ കാരണമാകുന്നു. സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതല്‍ അസമത്വത്തിന് ഇരകളാവുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ മികച്ച ആരോഗ്യവും വിദ്യാഭ്യാസവും ഇന്നും ആഢംബരമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വേള്‍ഡ് എക്കണോമിക്ക് ഫോറം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here