പത്തനംതിട്ട(www.mediavisionnews.in): സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ സംസ്ഥാനത്ത് പലയിടത്തും അക്രമം ലക്ഷ്യമിട്ട് ബി.ജെ.പി. പത്തനംതിട്ട, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ പലയിടത്തും ബി.ജെ.പി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.
സെക്രട്ടറിയേറ്റിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിലും അക്രമമഴിച്ചുവിട്ടു മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. ക്യാമറ തകര്‍ത്തു. യാതൊരു പ്രകോപനവുമില്ലാതെ ഇവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നെന്നാണ് പ്രദേശത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. സെക്രട്ടറിയേറ്റിനു മുന്നിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ഇവരിപ്പോള്‍.
കൊടുങ്ങല്ലൂരില്‍ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ കൂട്ടമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ കടകള്‍ അടക്കാന്‍ ആവശ്യപ്പെട്ടു. വാഹനങ്ങള്‍ തടയുകയും ചെയ്തു. ഇവിടെ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. തൃപ്രയാറിലും നിര്‍ബന്ധിത ഹര്‍ത്താലിന് ബി.ജെ.പി ശ്രമിക്കുന്നുണ്ട്.
കാസര്‍കോട് ജില്ലയുടെ പല ഭാഗങ്ങളിലും സംഘപരിവാര്‍ പ്രതിഷേധ പ്രകടനം നടത്തി.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ‘ഭാരത് മാതാ കി ജയ്’ എന്ന മുദ്രാവാക്യം വിളിച്ച് ഒരു കൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഗുരുവായൂരിലായിരുന്നു സംഭവം. ഇവര്‍ ദേവസ്വം മന്ത്രിയ്ക്കുനേരെ കരിങ്കൊടി കാട്ടി.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ കരിദിനം ആചരിക്കാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.