വിശ്വാസി സമൂഹം പുനര്‍ചിന്തനത്തിന് തയ്യാറാകണം: കെ ടി ജലീല്‍

0
204

കോഴിക്കോട്(www.mediavisionnews.in): മതങ്ങളും ആചാരങ്ങളും വ്യക്തിയെ സ്വാധീനിക്കുന്ന ഈ കാലത്ത് വിശ്വാസി സമൂഹം ഒരു പുനര്‍ചിന്തനത്തിന് തയ്യാറാവണമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീല്‍. കുറ്റവാളികളുടെ എണ്ണം എല്ലാ മതവിഭാഗങ്ങളിലും കൂടി വരുന്നു. മതങ്ങളും ആചാരങ്ങളുമെല്ലാം വ്യക്തികളെ സ്വാധീനിക്കുന്നതിന്റെ ഭാഗമായിട്ടാണ് തര്‍ക്കങ്ങള്‍ വര്‍ധിച്ച് വരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ വഖഫ് ട്രൈബ്യൂണല്‍ കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതവും വിശ്വാസവും വേഷത്തിലും ആചാരത്തിലും മാത്രം ഒതുങ്ങേണ്ടതല്ല. മറ്റുള്ളവരോടുള്ള ബഹുമാനത്തിലൂടെയും പെരുമാറ്റത്തിലൂടെയും വ്യക്തിബന്ധത്തിലൂടെയുമാണ് അത് തെളിയിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ അത് ഇല്ലാതാവുന്ന കാഴ്ചയാണ് കണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു.
വഖഫ് ബോര്‍ഡിന്റെ തീരുമാനങ്ങളിലുള്ള അപ്പീലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനും മറ്റു വഖഫ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള അധികാരം ട്രൈബ്യൂണലിനാണ്. കേന്ദ്ര വഖഫ് ആക്ടില്‍ 2013ല്‍ വരുത്തിയ ഭേദഗതിയെ തുടര്‍ന്നാണ് സിംഗിള്‍ ട്രൈബ്യൂണലില്‍ മൂന്ന് അംഗങ്ങളാക്കിയത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മൂന്ന് മേഖലകളിലായി ട്രൈബ്യൂണലിനെ നിയോഗിച്ചെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ല.

കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജ് കെ.സോമനാണ് പുതിയ വഖഫ് ട്രൈബ്യുണലിന്റെ ചെയര്‍മാന്‍. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ.ടി.കെ ഹസന്‍, ധനകാര്യ അണ്ടര്‍ സെക്രട്ടറി എ.സി ഉബൈദുള്ള എന്നിവരാണ് മറ്റ് വഖഫ് ബോര്‍ഡ് അംഗങ്ങള്‍. 29 പേരെ ജീവനക്കാരായും നിയമിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here