ലോക്സഭാ തെരെഞ്ഞെടുപ്പ്: കാസർകോട്ട് ബി.ജെ.പി.യുടെ പരിഗണനയിൽ സുരേഷ് ഗോപിയും പി.കെ.കൃഷ്ണദാസും സി.കെ.പദ്മനാഭനും

0
198

കാഞ്ഞങ്ങാട്(www.mediavisionnews.in): സംസ്ഥാന നേതാക്കളെ ഗോദയിലിറക്കി കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കെ.സുരേന്ദ്രൻ ഇക്കുറി ഉണ്ടാകില്ലെന്ന് ഏറെക്കുറെ വ്യക്തമായ സാഹചര്യത്തിൽ നടനും രാജ്യസഭ എം.പി.യുമായ സുരേഷ്‌ഗോപിയെ കാസർകോട്ട് മത്സരിപ്പിക്കണമെന്ന് ജില്ലാ നേതാക്കൾ സംസ്ഥാന നേതൃത്വത്തോട് ഒന്നിലേറെ തവണ ആവശ്യപ്പെട്ടുകഴിഞ്ഞു.

ശബരിമല വിഷയം കൊടുമ്പിരികൊള്ളുമ്പോൾ സുരേഷ്‌ഗോപിയെ കൊണ്ടുവന്ന് കാഞ്ഞങ്ങാട്ട് നടത്തിയ പരിപാടിയിൽ നല്ല ജനപങ്കാളിത്തമുണ്ടായി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് വീടുകൾ വച്ചുനൽകിയതും അമ്പലത്തറയിൽ സ്നേഹവീട് നിർമിച്ചതും സുരേഷ്‌ഗോപിക്ക് അനുകൂല ഘടകമാണെന്ന് ജില്ലാ നേതാക്കൾ വാദിച്ചു. മുൻ സംസ്ഥാന പ്രസിഡന്റുമാരായ പി.കെ.കൃഷ്ണദാസും സി.കെ.പദ്മനാഭനുമാണ് പരിഗണിക്കപ്പെടുന്ന മറ്റുരണ്ടുപേർ. ഇതിൽ സംസ്ഥാന നേതൃത്വം മുൻതൂക്കം നൽകുന്നത് പി.കെ.കൃഷ്ണദാസിനാണ്. മംഗളൂരുവിലെ എം.പി.യും പാർട്ടി കർണാടക സംസ്ഥാന ഘടകത്തിന്റെ സഹപ്രഭാരിയുമായ നളിൻകുമാർ കട്ടിലിനെ മത്സരിപ്പിച്ച് അത്ഭുതം കാഴ്ചവെയ്ക്കണമെന്ന് ജില്ലാ കമ്മിറ്റിയിൽ ഒരുവിഭാഗം ആവശ്യം ഉന്നിയിച്ചിട്ടുണ്ട്. കാസർകോട്ടെ ബി.ജെ.പി. പരിപാടികളിൽ നളിൻകുമാർ കട്ടീൽ സജീവ സാന്നിധ്യമാണ്. പാർട്ടിക്ക് സ്വാധീനമുള്ള കന്നഡ മേഖലയിൽ പരമാവധി വോട്ട് സമാഹരിക്കുകയാണ് ലക്ഷ്യം.

മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പുകൂടി ഒപ്പം വന്നാൽ ഈ സാധ്യത പരീക്ഷിക്കപ്പെട്ടുകൂടായ്കയില്ല, വോട്ടുകളുടെ ഏകീകരണം എളുപ്പമാക്കാമെന്ന പ്രതീക്ഷയിൽ ഉപതിരഞ്ഞെടുപ്പുകൂടിയുണ്ടെങ്കിൽ ഏതെങ്കിലും ഒന്നിൽ ഭാഷാ ന്യൂനപക്ഷത്തിന്റെ പ്രതിനിധിയായിരിക്കും. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സുരേഷ്‌കുമാർഷെട്ടി, രവിശ തന്ത്രി കുണ്ഡാർ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ്ചന്ദ്ര ഭണ്ഡാരി തുടങ്ങിയ പേരുകളാണ് പരിഗണനയിൽ.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒന്നേമുക്കാൽ ലക്ഷം വോട്ട് ബി.ജെ.പി.ക്ക് കിട്ടിയിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിന്റെ കണക്കെടുത്താൽ ഇത് രണ്ടുലക്ഷത്തിലേറെയാണ്. ഇത് 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടിന്റെ 35 ശതമാനം കൂടുതലാണ്. ശബരിമല വിഷയത്തിലൂന്നൽ നൽകി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ കാസർകോട് ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ കഴിയുമെന്നാണ് സംഘപരിവാർ സംഘടനകളുടെയും ബി.ജെ.പി.യുടെ പോഷക സംഘടനകളുടെയും കീഴ്‌ഘടകങ്ങളിൽനിന്നുള്ള റിപ്പോർട്ട്‌. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ്ബാബുവിന്റെ പേരും ലോക്‌സഭാ മണ്ഡലത്തിലേക്ക് പറഞ്ഞുകേൾക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here