മലപ്പുറം(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റില്‍ കൂടി മുസ്‍ലീം ലീഗ് അവകാശ വാദം ഉന്നയിക്കുമെന്ന വാര്‍ത്തകളെ തള്ളാതെ ലീഗ് നേതൃത്വം. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ സമയമായിട്ടില്ലെന്നായിരുന്നു ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടിയുടെ പ്രതികരണം. എന്നാല്‍ പതിവ് പോലെ പേരിന് അവകാശം വാദം ഉന്നയിച്ച് അണികളെ തൃപ്തിപ്പെടുത്തുന്ന നീക്കമാണ് നേതാക്കള്‍ നടത്തുകയെന്ന സൂചനകളും ശക്തമാണ്.
സംസ്ഥാന കമ്മറ്റി യോഗത്തില്‍ കൂടുതല്‍ സീറ്റില്‍ ലീഗ് അവകാശ വാദം ഉന്നയിക്കണമെന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ചില അംഗങ്ങള്‍ ഉയര്‍ത്തി. നിലവിലുള്ള പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്ക് പുറമേ മലബാറില്‍ തന്നെ ഒരു സീറ്റ് കൂടി ലഭിക്കണമെന്ന ആവശ്യം ചില ലീഗ് നേതാക്കള്‍ക്കിടയിലുണ്ട്. ഇത് സംബന്ധിച്ച ചോദ്യത്തിന് പി.കെ കുഞ്ഞാലികുട്ടിയുടെ പ്രതികരണം കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന വാര്‍ത്തകളെ തള്ളാതെയായിരുന്നു.
എന്നാല്‍ അണികളുടെ തൃപ്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളത് മാത്രമാണ് ഈ നീക്കങ്ങളെന്ന വാദവും ലീഗിനുള്ളില്‍ ശക്തമാണ്. ഇത്തരമൊരു അവകാശവാദം തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടക്കുമ്പോൾ പരസ്യമായി ഉന്നയിച്ചാല്‍ പോലും മുന്നണിയില്‍ അതിശക്തമായ സമ്മര്‍ദ്ദം ലീഗ് നേതൃത്വം ഉയര്‍ത്താനിടയില്ല. കെ.എ.എസ് സംവരണ അട്ടിമറി, ശരീഅത്ത് ചട്ട ഭേദഗതി എന്നിവ തെരഞ്ഞെടുപ്പ് രംഗത്ത് ലീഗ് സജീവ ചര്‍ച്ചകളാക്കും. ഒപ്പം സാമ്പത്തിക സംവരണ ബില്ലിലും മുത്തലാഖ് ബില്ലിലും പാര്‍ട്ടി എടുത്ത നിലപാടുകള്‍ ചരിത്ര ദൌത്യമായിരുന്നുവെന്ന പ്രചരണത്തിനും നേതൃത്വം തുടക്കമിട്ടു കഴിഞ്ഞു.