യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 3026 ഏറ്റുമുട്ടലുകളില്‍ 78 പേര്‍ കൊല്ലപ്പെട്ടു

0
252

ഉത്തര്‍പ്രദേശ്(www.mediavisionnews.in): യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലുകളില്‍ 78 പേര്‍ കൊല്ലപ്പെട്ടെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. വധിച്ചത് കുറ്റവാളികളെയാണെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. റിപബ്ലിക് ദിനത്തില്‍ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളിലൊന്നായി ഏറ്റുമുട്ടല്‍ പട്ടിക ഉള്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.2017 മാര്‍ച്ച് 19നാണ് യോദി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. 2017 മാര്‍ച്ച് മുതല്‍ 2018 ജൂലൈ വരെയുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ഏറ്റുമുട്ടലുകളില്‍ 78 പേരെ വധിച്ചതിന് പുറമെ 7043 പേരെ അറസ്റ്റ് ചെയ്തു. 838 പേര്‍ക്ക് പരിക്കേറ്റു. 11981 പേരുടെ ജാമ്യം റദ്ദാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്‍പത് പേരെ വധിച്ചത് പ്രത്യേക ദൗത്യസേനയാണ്. ഈ പട്ടിക പ്രകാരം ശരാശരി ആറ് ഏറ്റുമുട്ടലുകള്‍ ദിവസവും നടന്നു 14 പേരെ ദിവസവും അറസ്റ്റ് ചെയ്തു. ശരാശരി നാല് പേരെ ഓരോ മാസവും വധിച്ചു എന്നാണ് കണക്കുകള്‍. 2017 ഡിസംബര്‍ 15 വരെ അതായത് യോഗി സര്‍ക്കാരിന്റെ ആദ്യ ഒന്‍പത് മാസങ്ങളില്‍ 17 പേരാണ് കൊല്ലപ്പെട്ടത്.

എന്നാല്‍ 2018 ജനുവരി മുതല്‍ ജൂലൈ വരെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണുണ്ടായത്. ഈ ഏഴ് മാസങ്ങളില്‍ 61 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം റിപബ്ലിക് ദിനത്തിലും സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. കുറ്റവാളികളെ കീഴ്‌പ്പെടുത്തുന്നതിനിടെ പൊലീസിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി 17 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here