മന്ത്രി കെ.ടി ജലീലിനെതിരെ സമസ്ത ഇ.കെ വിഭാഗം പരസ്യ പ്രക്ഷോഭത്തിലേക്ക്

0
209

കോഴിക്കോട്(www.mediavisionnews.in): മന്ത്രി കെ.ടി ജലീലിനെതിരെ സമസ്ത ഇ.കെ വിഭാഗം പരസ്യ പ്രക്ഷോഭത്തിലേക്ക്. വഖഫ് ട്രിബ്യൂണല്‍ നിയമനത്തില്‍ പൂര്‍ണമായി തഴഞ്ഞതാണ് പരസ്യമായി രംഗത്തിറങ്ങാന്‍ സമസ്തയെ പ്രേരിപ്പിച്ചത്. മന്ത്രി കെ.ടി ജലീലിന്റെ നടപടി തിരുത്തുമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് സമസ്ത ചൂണ്ടിക്കാട്ടി. ജലീല്‍ അനാവശ്യ വിമര്‍ശങ്ങളുന്നയിച്ച് സമുദായത്തെ ആക്ഷേപിക്കുന്നുവെന്ന വിമര്‍ശവും സമസ്തക്കുണ്ട്.

വഖഫ് ട്രിബ്യൂണലില്‍ ജില്ലാ ജഡ്ജിക്ക് പുറമേ നിയോഗിക്കപ്പെട്ട ടി.കെ ഹസന്‍, എ.പി ഉബ്ദുള്ള എന്നിവര്‍ എ.പി വിഭാഗത്തിനൊപ്പം നിലകൊള്ളുന്നവരാണ്. മന്ത്രി കെ.ടി ജലീലാണ് ഈ നിയമനങ്ങള്‍ക്ക് പിന്നിലെന്നാണ് സമസ്ത ഇ.കെ വിഭാഗം തുടക്കം മുതല്‍ ആരോപിക്കുന്നത്. ഇത് നേരിട്ട് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, ഇ.കെ വിഭാഗത്തിന് നേരത്തെ എതിരായ നീക്കം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി നേരത്തെ ഉറപ്പ് നല്‍കുകയും ചെയ്തു. ഇത് ലംഘിച്ച് വഖഫ് ട്രിബ്യൂണല്‍ ഉദ്ഘാടനം നിശ്ചയിച്ചതോടെയാണ് ഇ.കെ വിഭാഗം പരസ്യ പ്രതിഷേധത്തിന് തീരുമാനിച്ചത്.

ഈ വിഷയം ശ്രദ്ധയില്‍പെടുത്തിയപ്പോഴെല്ലാം സമസ്ത നേതാക്കളോട് നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ പ്രക്ഷോഭം നടത്തുമെന്ന സമസ്തയുടെ പ്രഖ്യാപനം കെ.ടി ജലീലിനെക്കൂടി ലക്ഷ്യമിട്ടാണ്. ഇസ്‍ലാം മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന വിവാദ പ്രസ്താവനകളും വിമര്‍ശനങ്ങളും മന്ത്രി കെ.ടി ജലീല്‍ നിരന്തരമായി നടത്തുന്നതിനെതിരെ സമസ്തക്ക് കടുത്ത അമര്‍ഷമുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെയും ശ്രദ്ധയില്‍പെടുത്തി. ഇതേതുടര്‍ന്ന് വിവാദ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ കെ.ടി ജലീലിന് പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് സമസ്ത പരാതി ഉന്നയിച്ച ട്രിബ്യൂണലിന്റെ ഉദ്ഘാടനം നിശ്ചയിച്ചത്.

കൂടാതെ വിലക്ക് ലംഘിച്ച് മുജാഹിദ് പരിപാടിയില്‍ പങ്കെടുത്ത വഫഖ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ നടപടി പരിശോധിക്കുമെന്നും സമസ്ത കേരളാ ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയുടെ നിയമം ലംഘിച്ചത് വ്യക്തികളായാലും എന്ത് ചെയ്യണമെന്ന കാര്യം സംഘടന തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here