മുംബൈ(www.mediavisionnews.in): ഒരു കാലത്തെ ബോളിവുഡിന്റെ പ്രിയങ്കരനായിരുന്ന നടന്‍ ഖാദര്‍ ഖാന്‍ അന്തരിച്ചു. ശ്വാസസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കാനഡയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരം മരിച്ചത്. അസുഖം മൂര്‍ഛിച്ചിരുന്നതിനാല്‍ താരത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഖാദര്‍ ഖാന്‍ അന്തരിച്ചതായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതെല്ലാം സത്യമല്ലെന്ന് മകന്‍ വ്യക്തമാക്കിയിരുന്നു.
പുതുവര്‍ഷദിനത്തില്‍ ആരാധകരെ സങ്കടത്തിലാക്കി കൊണ്ടായിരുന്നു ഖാദര്‍ ഖാന്റെ മരണ വാര്‍ത്ത എത്തിയിരിക്കുന്നത്. വെളുപ്പിന് നാല് മണിക്കാണ് അന്ത്യം സംഭവിച്ചതെന്നാണ് ഖാദര്‍ ഖാന്റെ അടുത്ത ബന്ധുക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.
81 -ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ താരം അതിവേഗം സുഖം പ്രാപിച്ച് വരുന്നതിനായി ബോളിവുഡ് ഒന്നടങ്കം പ്രാര്‍ത്ഥനയിലായിരുന്നു. അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങള്‍ ഖാദര്‍ ഖാന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ആവശ്യമാവുമായി എത്തിയിരുന്നു.
നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, കോമഡിയേന്‍ എന്നിങ്ങനെ സിനിമയ്ക്കുള്ളിലും പുറത്തുമായി ഒരുപാട് വേഷങ്ങള്‍ അണിഞ്ഞ മികച്ചൊരു കലാകാരനായിരുന്നു ഖാദര്‍ ഖാന്‍. 1973 ല്‍ ധാക് എന്ന ചിത്രത്തിലൂടെ രാജേഷ് ഖന്നയ്‌ക്കൊപ്പം അഭിനയിച്ചാണ് ഖാദര്‍ ഖാന്‍ സിനിമയിലേക്ക് എത്തുന്നത്. ശേഷം മൂന്നുറിലധികം സിനിമകളില്‍ ഖാദര്‍ ഖാന്‍ അഭിനയിച്ചിരുന്നു.
ദോ ഓര്‍ ദോ പാഞ്ച്, മുഖദ്ദര്‍ കാ സിഖിന്ദര്‍, കൂലി എന്നിങ്ങനെ അമിതാഭ് ബച്ചനൊപ്പം തന്നെ ഒരുപാട് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. ബോളിവുഡിലെ ഹിറ്റ് സിനിമയായ അമര്‍ അക്ബര്‍ അന്തോണി, മുഖദ്ദര്‍ കാ സിഖിന്ദര്‍ എന്നീ സിനിമകള്‍ക്ക് വേണ്ടിയായിരുന്നു ഖാദര്‍ ഖാന്‍ തിരക്കഥ ഒരുക്കിയത്.