ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കും; സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

0
198

ന്യൂഡല്‍ഹി(www.mediavisionnews.com): ഇപ്പോള്‍ കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബിജെപി ഒരു സീറ്റ് സ്വന്തമാക്കുമെന്ന് സര്‍വേ ഫലം പുറത്ത്. 2018 ഡിസംബര്‍ 15നും 25നും ഇടയില്‍ ഇന്ത്യ ടിവി-സിഎന്‍എക്‌സ് നടത്തിയ അഭിപ്രായ സര്‍വേയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്. അടുത്തിടെ കഴിഞ്ഞ അഞ്ച് സംസഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു സര്‍വേ നടത്തിയത്.

സര്‍വേ ഫലം ഇങ്ങനെ; കേരളത്തില്‍ കോണ്‍ഗ്രസിന് എട്ടും ഇടതുപക്ഷത്തിന് അഞ്ചും മുസ്‌ലിം ലീഗിന് രണ്ടും ബിജെപി, കേരള കോണ്‍ഗ്രസ്(എം), ആര്‍എസ്പി പാര്‍ട്ടികള്‍ക്ക് ഒന്നു വീതവും സ്വതന്ത്രര്‍ക്കു രണ്ടു സീറ്റ് വീതവും ലഭിക്കും. എന്നാല്‍ ലോക്‌സഭയിലേക്കു കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണിക്ക് (എന്‍ഡിഎ) ലഭിക്കില്ല. ആവശ്യം വേണ്ട 272ല്‍ 15 സീറ്റുകളുടെ കുറവായിരിക്കും എന്‍ഡിഎക്ക് ഉണ്ടാവുക. ആകെയുള്ള 543 മണ്ഡലങ്ങളിലും നടത്തിയ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് 257 സീറ്റുകള്‍ മാത്രമേ ലഭിക്കൂ. എസ്പിയെയും ബിഎസ്പിയെയും കൂടാതെയുള്ള യുപിഎ സഖ്യത്തിന് 146 സീറ്റ് ലഭിക്കും. നിലവിലെ സാഹചര്യത്തില്‍ ബിജെപിയോ കോണ്‍ഗ്രസോ അല്ലാതെ ‘മറ്റൊരു’ പാര്‍ട്ടിയായിരിക്കും കേന്ദ്രത്തില്‍ മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുക.

എസ്പി, ബിഎസ്പി, അണ്ണാ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഇടതുപക്ഷം, പിഡിപി, എഐയുഡിഎഫ്, എഐഎംഐഎം, ഐഎന്‍എല്‍ഡി, എഎപി, ജെവിഎം(പി), എഎംഎംകെ എന്നിവര്‍ക്കൊപ്പം സ്വതന്ത്രരും മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായക സ്വാധീനശക്തിയാകുമെന്നും സര്‍വേയിലുണ്ട്.

ഡിസംബറില്‍ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പു ഫലം ഉള്‍പ്പെടെ അഭിപ്രായ സര്‍വേയെ സ്വാധീനിച്ചതായാണു സൂചന. തിരഞ്ഞെടുപ്പിനു മുന്നോടിയായി നവംബറില്‍ നടന്ന സര്‍വേയില്‍ ഇന്ത്യ ടിവി-സിഎന്‍എക്‌സ് എന്‍ഡിഎയ്ക്ക് 281 സീറ്റുകളും യുപിഎയ്ക്ക് 124 സീറ്റുകളുമായിരുന്നു പ്രവചിച്ചിരുന്നത്. മറ്റുള്ളവര്‍ക്ക് 138ഉം. തിരഞ്ഞെടുപ്പിനുശേഷം എന്‍ഡിഎയ്ക്ക് സര്‍വേയില്‍ 24 സീറ്റ് കുറഞ്ഞു, യുപിഎയ്ക്ക് 22 എണ്ണം കൂടി. പുതിയ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് 37.15% വോട്ടുകള്‍ ലഭിക്കും. യുപിഎയ്ക്ക് 29.92%, മറ്റുള്ളവര്‍ക്ക് 32.93%.

എന്‍ഡിഎയില്‍ ബിജെപിക്ക് 223 സീറ്റുകള്‍ ലഭിക്കുമെന്നു സര്‍വേ പറയുന്നു. ശിവസേനയ്ക്ക് എട്ട്, ജെഡി(യു) 11, അകാലിദള്‍ അഞ്ച്, എല്‍ജെപി മൂന്ന്, പിഎംകെ, എന്‍ഡിപിപി, എഐഎന്‍ആര്‍സി, എന്‍പിപി, എസ്ഡിഎഫ്, അപ്നാ ദള്‍, എംഎന്‍എഫ് പാര്‍ട്ടികള്‍ക്ക് ഒന്നുവീതവും സീറ്റുകള്‍ ലഭിക്കും. ബിജെപിയുമായി ശിവസേന ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യം സര്‍വേ വിലയിരുത്തിയിട്ടില്ല. 2014ല്‍ ലഭിച്ചതിനേക്കാള്‍ ഇരട്ടിയോളം സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിനു ലഭിക്കും–85 എണ്ണം.
ഡിഎംകെയ്ക്ക് 21, ആര്‍ജെഡിക്ക് 10, എന്‍സിപി 9, ജെഎംഎം 4, ജെഡി(എസ്) 4, ആര്‍എല്‍ഡി 2, ആര്‍എല്‍എസ്പി 1, ആര്‍എസ്പി 1, മുസ്‌ലിം ലീഗ് 2, ടിഡിപി 4, നാഷനല്‍ കോണ്‍ഫറന്‍സ് 2, കേരള കോണ്‍ഗ്രസ്(എം) 1 എന്നിങ്ങനെയായിരിക്കും സീറ്റുനില. തൃണമൂല്‍ കോണ്‍ഗ്രസിന് 26, എസ്പിക്ക് 20, ബിഎസ്പിക്ക് 15, വൈഎസ്ആര്‍ കോണ്‍ഗ്രസിന് 19, ടിആര്‍എസിന് 16, ബിജെഡിക്ക് 13, എഐഎഡിഎംകെയ്ക്ക് 10, എഎംഎംകെയ്ക്കു നാല്, ഇടതുപക്ഷത്തിന് എട്ട്, ആം ആദ്മിക്കും ഐഐയുഡിഎഫിനും രണ്ടു വീതം, പിഡിപി, ജെവിഎം(പി), എഐഎംഐഎം എന്നിവയ്ക്ക് ഒന്നു വീതവും സീറ്റാണു സര്‍വേയില്‍ പ്രവചിക്കുന്നത്.

54,300 പേരെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ. 543 ലോക്‌സഭാ മണ്ഡലങ്ങളും 1086 നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്ത് സര്‍വേ നടത്തി. ഓരോ ലോക്‌സഭാ മണ്ഡലത്തില്‍നിന്നും ശരാശരി 100 പേര്‍ വീതം സര്‍വേയില്‍ പങ്കെടുത്തെന്നു സിഎന്‍എക്‌സ് വ്യക്തമാക്കുന്നു.

സര്‍വേയോടനുബന്ധിച്ച ചോദ്യാവലി പൂരിപ്പിച്ചവരില്‍ 27,832 പേര്‍ പുരുഷന്മാരും 26,408 പേര്‍ വനിതകളുമാണ്. 18നും 60നും ഇടയ്ക്കു പ്രായമുള്ളവരാണ് പങ്കെടുത്തത്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവരില്‍ നിന്നുള്ള അഭിപ്രായം വികലനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് സിഎന്‍എക്‌സ് അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here