കൊച്ചി (www.mediavisionnews.in): കഴിഞ്ഞ ദിവസമാണ് ഒരു വീടിന്‍റെ മുകളിലേക്കുള്ള കോണ്‍ക്രീറ്റ് കോണിപ്പടികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ലോകത്തെ അത്ഭുതപ്പെടുത്തി ബംഗാളി എന്ന പേരില്‍ ഒരു റൂമിന്‍റെ വാതിലിന് മുന്നില്‍ തന്നെ കോണിപ്പടികള്‍ കോണ്‍ക്രീറ്റ് ചെയ്തുവച്ചിരിക്കുന്ന കാഴ്ചയായിരുന്നു അത്. കേരളത്തിലെ എതോ പ്രദേശത്ത് സംഭവിച്ച ഈ ചിത്രം വാട്ട്സ്ആപ്പിലൂടെ പ്രചരിക്കുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബംഗാളിയെ മാത്രം എങ്ങനെ കുറ്റം പറയും എന്നതാണ് പ്രധാനമായും ഉയര്‍ന്ന ചോദ്യം. ഇത് വംശീയമായ അധിക്ഷേപമാണെന്നും ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
കോൺക്രീറ്റും കഴിയുന്നിടം വരെ ഇതാരുടെയും ശ്രദ്ധയിൽ വന്നില്ലെങ്കിൽ പണിഞ്ഞവരും ഉടമസ്ഥതരും വലിയ അശ്രദ്ധക്കാരാണെന്നാണ് ഒരു പ്രധാന കമന്‍റ്. കോൺ ക്രീറ്റ് ചെയ്യാൻ തട്ട് സെറ്റ് ചെയ്തവർ എവിടെ പോയി ? സൈറ്റ് സൂപ്പർ വൈസർ, സൈറ്റ് എഞ്ചിനീയർ, കോണ്ട്രാക്ടർ, കെട്ടിട ഉടമസ്ഥർ അടക്കമുള്ളവരുടെ ഉത്തരവാദിത്വം കഴിഞ്ഞാണ് പണി ചെയ്ത അന്യ സംസ്ഥാനക്കാരന്‍റെ ഉത്തരവാദിത്വം വരുന്നത് എന്നായിരുന്നു ഒരു പ്രധാന വാദം. എന്നാല്‍ ചിലര്‍ ഇതിന്‍റെ പ്രയോഗിക വശമാണ് വ്യക്തമാക്കിയത്.
ഡോര്‍ അവിടെ നിന്നു മാറ്റാന്‍ തീരുമാനിച്ചിട്ടാകും കോണിപ്പടിയുടെ സ്ഥാനം മാറ്റിയത്. അല്ലെങ്കില്‍ വാതില്‍ ഇങ്ങോട്ട് മാറ്റിയത് കോണിപ്പടി പൊളിക്കാന്‍ തീരുമാനിച്ചതിനു ശേഷമാകാം, കോണിപ്പടികള്‍ തുടങ്ങുന്നത് വലത്തേ സൈഡില്‍ നിന്നാണല്ലോ, അതായത് പ്രദക്ഷിണ വഴി അല്ല ഇപ്പോള്‍ സ്റ്റെയര്‍ കേസ് കാണുന്നത്. അത് ശരിയല്ല എന്നു ഏതെങ്കിലും വാസ്തുക്കാരന്‍ പറഞ്ഞു കാണും, അല്ലെങ്കില്‍ ബെഡ് റൂമിന്റെ വാതിലിന്റെ ദര്‍ശനം ശരിയല്ല എന്നു പറഞ്ഞു കാണും. ഇതില്‍ ഏതെങ്കിലും ഭിത്തി പണിത് കഴിഞ്ഞ് നടന്നു കാണും. അതായത് ഏതെങ്കിലും ഒന്നു പൊളിക്കാന്‍ തീരുമാനം ആയി കഴിഞ്ഞ് എടുത്ത ഫോട്ടോ.
അതേ സമയം ഇന്നത്തെക്കാലത്ത് ഇത് സ്ഥിരം പരിപാടിയാണെന്നും വാദം ഉയര്‍ന്നു. വീട് പണിക്കിടയിൽ പ്ലാൻ മാറ്റിക്കുന്ന രീതി ഇപ്പോള്‍ സര്‍വസാധാരണമാണ് എന്നാണ് ഇതില്‍ വന്ന ഒരു വാദം. എന്തായാലും പുതിയ ചിത്രങ്ങള്‍ അധികം വൈകാതെ എത്തി. വാതില്‍ മാറ്റിയിരിക്കുന്നു. ഇതോടെ പ്ലാന്‍ മാറ്റമായിരുന്നു ഇതെന്നും. ബംഗാളിയെയോ പണിക്കാരെയോ കുറ്റം പറയേണ്ടതില്ലെന്നും വ്യക്തമായി.