മുംബൈ (www.mediavisionnews.in): സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനും ബിസിസിഐ ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഇതോടെ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന പരമ്പരയിലേക്ക് താരങ്ങളെ പരിഗണിച്ചേക്കും. പാണ്ഡ്യ ന്യൂസീലന്‍ഡ് പര്യടനത്തിലുള്ള ടീമിനൊപ്പം ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇരുവര്‍ക്കുമെതിരായ പരാതി അന്വേഷിക്കാന്‍ പി എസ് നരസിംഹയെ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു.
ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് പാണ്ഡ്യയെയും രാഹുലിനെയും വിവാദത്തിലാക്കിയത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹര്‍ദിക് അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തിയെന്നായിരുന്നു കെ എല്‍ രാഹുലിന്‍റെ വെളിപ്പെടുത്തല്‍.
രൂക്ഷ വിമര്‍ശനമാണ് താരങ്ങള്‍ക്ക് വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നേരിടേണ്ടി വന്നത്. തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പ് താരങ്ങളെ ബിസിസിഐ നാട്ടിലേക്ക് തിരിച്ചുവിളിച്ചു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂസീലന്‍ഡ് പര്യടനത്തിലേക്കും ഇരുവരെയും പരിഗണിച്ചില്ല. പരിപാടിയിൽ പങ്കെടുത്തതുകൊണ്ടാണ് താരങ്ങൾ ഈ ഗതിയിലായതെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം തനിക്കാണെന്നും അവതാരകനായ കരണ്‍ ജോഹര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.