തിരുവനന്തപുരം(www.mediavisionnews.in): നാളെ ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപര വ്യവസായി ഏകോപന സമിതി. പതിവു പോലെ കടകള്‍ തുറക്കുമെന്നും വ്യാപര വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. നേരത്തെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുള്ള ഒരു സമരത്തിലും സഹകരിക്കേണ്ടെന്ന് വ്യാപാര, വാണിജ്യ സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടിക്ക് വിവിധ വ്യാപാര സംഘടനകളുടെ കോ -ഓഡിനേഷന്‍ കമ്മിറ്റിയും രൂപവത്കരിച്ചു. പതിനഞ്ചോളം വ്യാപാര സംഘടനകളാണ് യോഗത്തില്‍ സംബന്ധിച്ചത്. ഹര്‍ത്താലിനെ ശക്തമായി നേരിടാനും നിയമനടപടികളിലേക്ക് നീങ്ങാനുമാണ് കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ തീരുമാനം.
ഭാവിയില്‍ അപ്രതീക്ഷിത ഹര്‍ത്താലുകളുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും നിലപാട് സ്വീകരിച്ചു. പക്ഷേ നാളെ സ്വകാര്യ ബസുകള്‍ നിരത്തില്‍ ഇറക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല. രാഷ്ട്രീയ നേട്ടത്തിനായും അപ്രതീക്ഷിതമായും പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളില്‍ ഇനി മുതല്‍ പങ്കെടുക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനും നിലപാട് സ്വീകരിച്ചിട്ടുണ്ട്. നാളെത്തെ ഹര്‍ത്താലില്‍ ഇവരും പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുമെന്ന് ശബരിമല കര്‍മ്മ സമിതിയും ഹിന്ദു ഐക്യവേദിയും അറിയിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ്. ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.