കാസർകോട്(www.mediavisionnews.in): നവമാധ്യമങ്ങളിലൂടെ നാടിന്റെ സമാധാനം തകർക്കുന്ന തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്.പൊതുജനങ്ങളിൽ തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയിലുള്ള ഇത്തരം വാർത്തകൾ പലരും അതിന്റെ പ്രത്യാഘാതം മനസ്സിലാക്കാതെ പ്രചരിപ്പിക്കുകയാണ്.
സംഘർഷം സൃഷ്‌ടിക്കുക എന്ന ഉദ്ദേശത്തോടെ ബോധപൂർവം വ്യാജ സന്ദേശങ്ങൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് നിർദേശം നൽകി. വ്യാജവാർത്തകൾ ഉണ്ടാക്കുന്നവരെയും അത് പ്രചരിപ്പിക്കുന്നവരെയും നിരീക്ഷിക്കാൻ ജില്ലയിലെ സൈബർ സെല്ലിനു പ്രത്യേക നിർദേശം നൽകി.
വ്യാജവും ആധികാരികത ഇല്ലാത്തതുമായി സന്ദേശങ്ങൾ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുന്നതിന് മുൻപ് പൊതുജനങ്ങൾ ആയതിന്റെ നിജസ്ഥിതി ഉറപ്പുവരുത്തം. നവമാധ്യമങ്ങളിൽ കൂടി ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത്തരം ആളുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് പൊലീസ് മേധാവി അറിയിച്ചു.