ജില്ലയിൽ സ്ഥിതി ശാന്തമാകുന്നു; 766 ആളുകളുടെ പേരിൽ കേസ്‌

0
213

കാസർകോട് / മഞ്ചേശ്വരം/ കുമ്പള: (www.mediavisionnews.com): കഴിഞ്ഞദിവസം ഹർത്താലിൽ വ്യാപക അക്രമം അരങ്ങേറിയ ജില്ലയിൽ വെള്ളിയാഴ്ച സ്ഥിതി താരതമ്യേന ശാന്തമായിരുന്നു. പകൽ കാര്യമായ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. തലപ്പാടിയിൽ രാവിലെ പതിനൊന്നരയോടെ കെ.എസ്.ആർ.ടി.സി ബസ്സിന് കല്ലെറിഞ്ഞു. ചില്ല് തകർന്നെങ്കിലും ആർക്കും പരിക്കില്ല. ബസ് പോലീസ്‌സ്റ്റേഷനിലേക്ക് മാറ്റി. കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു. കടമ്പാറിൽ രണ്ട് ബി.ജെ.പി. പ്രവർത്തകർക്ക് വ്യാഴാഴ്ച രാത്രി കുത്തേറ്റിരുന്നു. കിരൺകുമാർ (27), ഗുരുപ്രസാദ് (23) എന്നിവർക്കാണ് കുത്തേറ്റത്. ബൈക്കിലെത്തിയ സംഘം അക്രമിക്കുകയായിരുന്നു. ഇവരെ മംഗളൂരുവിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബന്തിയോട്ടെ ബി.ജെ.പി. പ്രവർത്തകരായ വസന്തൻ (29), ശരത് (28) എന്നിവർക്ക് വ്യാഴാഴ്ച രാത്രിയിൽ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ വെട്ടേറ്റിരുന്നു. ബൈക്കിലെത്തിയ സംഘമാണ് അക്രമണം നടത്തിയത്. ഇവരെയും മംഗളൂരു ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി അക്രമങ്ങൾ അരങ്ങേറിയ മഞ്ചേശ്വരം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച സ്ഥിതി ശാന്തമായി. പൊതുവെ സമാധാന അന്തരീക്ഷമാണെന്നും മഞ്ചേശ്വരം താലൂക്കിൽ നിരോധനാജ്ഞ പിൻവലിക്കുന്ന കാര്യം രാത്രി വൈകി തീരുമാനിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ്  പറഞ്ഞു. ജില്ലയിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ അൻപതോളം അക്രമസംഭവങ്ങളിൽ 766 ആളുകളുടെ പേരിൽ കേസെടുത്തു. 37 പേരെ അറസ്റ്റ് ചെയ്തു. മുൻകരുതലായി 56 പേരെ കസ്റ്റഡിയിലെടുത്തു. സംഘർഷസാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ, മൊബൈൽ സ്ക്വാഡും, ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here