ക്രിമിനൽ പൊലീസിനെ കുടുക്കി വിജിലൻസിന്‍റെ ‘ഓപ്പറേഷൻ തണ്ടർ’!

0
237

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്തെ ‘ക്രിമിനൽ പൊലീസുകാരെ’ കുടുക്കി വിജിലൻസിന്‍റെ ‘ഓപ്പറേഷൻ തണ്ട‍ർ’. സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകള്‍ കണ്ടെത്തി. പൊലീസ് ഒത്താശയോടെ മണലൂറ്റ് കേന്ദ്രങ്ങളും ക്വാറികളും പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മാഫിയ സംഘങ്ങളുമായും ക്രിമിനലുകളുമായും ബന്ധമുള്ള പൊലീസ് സ്റ്റേഷനുകളെയും പൊലീസുകാരെയും വിജിലൻസ് ഇന്‍റലിജൻസ് നിരീക്ഷിച്ചുവരുകയായിരുന്നു. നൂറിലധികം സ്റ്റേഷനുകളുടെ ആദ്യം പട്ടിക തയ്യാറാക്കി. ഇതിൽ നിന്നാണ് നിരവധി ആരോപണങ്ങള്‍ നേരിടുന്ന 53 പൊലീസ് സ്റ്റേഷനുകള്‍ തെര‌ഞ്ഞെടുത്തത്. പരിശോധന വിവരം ചോർന്നുപോകാതിരിക്കാനായി വിജിലൻസ് ഡയറക്ട‍ർ മുഹമ്മദ് യാസിനും ഐജി എച്ച് വെങ്കിടേഷും രാവിലെയാണ് ഓപ്പറേഷൻ നടത്തേണ്ട പൊലീസ് സ്റ്റേഷനുകളുടെ പട്ടിക എസ്പിമാർക്ക് കൈമാറിയത്.

കാസർഗോഡ് കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്ന മണലൂറ്റ് കേന്ദ്രം പൊലീസ് സഹായത്തോടെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തി. മറ്റ് ചില അനധികൃത ക്വാറികളും പ്രവ‍ത്തിക്കുന്നുണ്ടെന്ന് വിവരവും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ഉറപ്പുവരുത്താൻ ക്വാറി ഉടമകളുടെ കൈവശമുള്ള രേഖകളും പരിശോധിക്കണമെന്നാണ് എസ്പിമാർ നൽകിയ റിപ്പോർ‍ട്ട്. കുമ്പള സ്റ്റേഷനിൽ നിന്ന് സ്വർണം കണ്ടെത്തി. മുന്നേ പിടികൂടിയ തൊണ്ടിമുതലെന്നാണ് സംശയം.

സാമ്പത്തിക തട്ടിപ്പ് കേസുകള്‍ സ്റ്റേഷനിൽ വച്ച് തീർപ്പാക്കിയതായും കണ്ടെത്തി. ഇതിനായി സംശയമുള്ള കേസ് അന്വേഷണ ഫയലുകള്‍ വിജിലൻസ് പരിശോധിക്കും. ചില സ്റ്റേഷനുകളിൽ നിന്നും കണക്കിൽപ്പെടാത്ത പണം പിടികൂടിയിട്ടുണ്ട്. കേസ് രജിസ്റ്ററുകള്‍ മിക്ക സ്റ്റേഷനുകളിലും കൃത്യമായി സൂക്ഷിക്കുന്നില്ല. പരാതിക്കാർക്ക് രസീതുകള്‍ നൽകുന്നില്ല. കേസിലൊന്നും ഉള്‍പ്പെടാത്ത നിരവധി വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചിട്ടിരുന്നുവെന്നും വിജിലൻസ് എസ്പിമാരുടെ പരിശോധനാ റിപ്പോ‍ർട്ടിൽ പറയുന്നു.

കോഴിക്കോട് ജില്ലയിലെ പയ്യോളി പൊലീസ് സ്റ്റേഷനിൽ 57,740 രൂപയും കോഴിക്കോട് ടൌൺ പൊലീസ് സ്റ്റേഷനിൽ 3060 രൂപയും ക്യാഷ് ബുക്കിലുള്ളതിനേക്കാൾ കുറവുള്ളതായി കണ്ടെത്തി. കോഴിക്കോട് ടൌൺ പൊലീസ് സ്റ്റേഷനിൽ 11.52 ഗ്രാം സ്വർണവും 4223 രൂപയും രണ്ട് മൊബൈൽ ഫോണുകളും 11 പെറ്റീഷനുകളും അനാഥമായി കണ്ടെത്തി.

കഴിഞ്ഞ വർഷം 45 സർക്കാർ വകുപ്പുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധന റിപ്പോർ‍ട്ടുകളുടെ അടിസ്ഥാനത്തിൽ 1074 ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയും ശുപാർശ ചെയ്തിരുന്നു. ഇതിൽ തന്നെ ഗുരുതരമായ ക്രമക്കേട് നടത്തിയ കണ്ടെത്തിയ 64 ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷനാണ് ശുപാർ‍ശ ചെയ്തത്. 18 ഉദ്യോഗസ്ഥരാണ് വിജിലൻസിൻെ കൈക്കൂലിക്കെണിയിൽ കുരുങ്ങിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here