കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഖത്തര്‍ റെഡ് ക്രെസന്റ്; ധനസഹായം 35കോടി

0
208

ദോഹ (www.mediavisionnews.in): പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റിയുടെയും(ക്യുആര്‍സിഎസ്) ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെയും (ഐആര്‍സിഎസ്) സംയുക്ത സംഘം. കേരളത്തിലെ പ്രളയ ബാധിത മേഖലകളില്‍ 12 ദിവസത്തെ സന്ദര്‍ശനമാണ് അവര്‍ നടത്തിയത്. 35 കോടി രൂപയുടെ പദ്ധതികളാണു ക്യുആര്‍സിഎസ് പ്രളയബാധിത മേഖലകളില്‍ നടപ്പാക്കുന്നത്. പദ്ധതികള്‍ നടപ്പാക്കുന്നതിനു മുന്നോടിയായിരുന്നു സന്ദര്‍ശനം.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗം മേധാവി ഐഹാം അല്‍ സുഖ്‌നിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഇന്ത്യയിലെ ക്യുആര്‍സിഎസ് മിഷന്‍ മേധാവി ഗെയ്ത്ത് തരാബിന്‍, വാഹിബ അല്‍ സാദി, ഹമദ് അബ്ദുല്ല അബ്ദുല്‍അസീസ്, ഷെഹ്‌റാ സലേഹ്, കരീം അബ്ദുല്ല എന്നിവരുണ്ടായിരുന്നു. പ്രളയം പ്രധാനമായും ബാധിച്ച 6 ജില്ലകളിലാണു സംഘം സന്ദര്‍ശനം നടത്തിയത്. ദുരിതത്തിന് ഇരകളായ കുടുംബങ്ങളുമായി സംഘം നേരിട്ടു സംവദിച്ചു.

അവരുടെ ഇപ്പോഴത്തെ സാഹചര്യങ്ങളും ആവശ്യമുള്ള സഹായങ്ങളും ചോദിച്ചറിഞ്ഞു. കേരളത്തിലെ ഐആര്‍സിഎസ് പ്രവര്‍ത്തകരുമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുമായും സംഘം ചര്‍ച്ച നടത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഐആര്‍സിഎസ് സെക്രട്ടറി ജനറല്‍ ആര്‍.കെ. ജയിന്‍ സംഘത്തെ അറിയിച്ചു.തിരുവനന്തപുരത്തെ ഐആര്‍സിഎസ് ശാഖ സന്ദര്‍ശിച്ച സംഘം സാഹചര്യങ്ങള്‍ വിലയിരുത്തി. സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ പദ്ധതി രൂപരേഖ തയാറാക്കി ഐആര്‍സിഎസ് നേതൃത്വത്തിനു സമര്‍പ്പിച്ചു.

അന്തിമ രൂപരേഖ തയാറാക്കാന്‍ വേണ്ടിയാണിത്. ഐആര്‍സിഎസ്, ക്യുആര്‍സിഎസ്, ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രെസന്റ് സൊസൈറ്റികള്‍(ഐഎഫ്ആര്‍സി) എന്നിവര്‍ തമ്മില്‍ ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലാണു കേരളത്തിലെ പ്രളയബാധിത മേഖലകളില്‍ സഹായമെത്തിക്കുന്നത്. കനത്ത മഴ മൂലം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ പ്രളയത്തില്‍ വലിയ നാശനഷ്ടമാണു കേരളത്തിലുണ്ടായത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here