കാസര്‍കോടിന്റെ വടക്കന്‍ ഭാഗങ്ങളില്‍ സാമുദായിക കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായി സി.പി.ഐ.എം.

0
205

കാസര്‍കോട്(www.mediavisionnews.com): കാസര്‍കോട് ജില്ലയുടെ വടക്കന്‍ ഭാഗങ്ങളില്‍ സാമുദായിക കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായി സി.പി.ഐ.എം. ആരാധനാലയങ്ങള്‍ ഉപയോഗിച്ച് ഇതരമത വിരോധം കുത്തിവെച്ചാണ് കലാപത്തിന് ശ്രമം നടത്തുന്നതെന്നും കലാപമുണ്ടാക്കാനുള്ള സംഘപരിവാറിന്റെ ശ്രമത്തെ മതേതര കക്ഷികള്‍ കൂട്ടായ് ചെറുക്കണമെന്നും സി.പി.ഐ.എം സംസ്ഥാനകമ്മിറ്റിയംഗവും മുന്‍ എം.എല്‍.എയുമായ കെ.പി സതീഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടു.

‘ജനാധിപത്യം ആഗ്രഹിക്കുന്ന പത്രപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഈ വിപത്ത് മനസ്സിലാക്കി ഇത് പുറത്തു കൊണ്ടുവരണം. കര്‍ണാടകയുടെ ബോര്‍ഡറില്‍ ആര്‍.എസ്.എസുകാര്‍ മാത്രം ഉള്ളൂ എന്നും അവിടേയ്ക്ക് ആര്‍ക്കും കടക്കാന്‍ പറ്റില്ല എന്നും ആക്രമണം നടത്തുന്നത് ആസൂത്രിതമാണെന്നും’ കെ.പി സതീഷ് ചന്ദ്രന്‍ പറഞ്ഞു.

ഹര്‍ത്താലിന്റെ മറവില്‍ കാസര്‍കോട് ബായാറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മദ്രസാധ്യാപകനെ ക്രൂരമായി മര്‍ദിച്ചത് സാമുദായിക കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണെന്നും സി.പി.ഐ.എം ആരോപിച്ചു.

സംഘപരിവാര്‍ സംഘടനകള്‍ക്ക് മാത്രം സ്വാധീനമുള്ള മേഖലകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടെന്ന് പ്രചരിപ്പിച്ച് കലാപത്തിന് ബോധപൂര്‍വമായ ശ്രമം നടത്തുന്നതായും ആരോപണമുണ്ട്. കര്‍ണാടകയില്‍ നിന്നും പരിശീലനം നേടിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കാസര്‍കോടിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കലാപമുണ്ടാക്കാനുള്ള ശ്രമം നടത്തുന്നതെന്നും സതീഷ് ചന്ദ്രന്‍ പറഞ്ഞു.

അതേസമയം, ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകളുടെ ഹര്‍ത്താലിന് പിന്നാലെ കണ്ണൂരില്‍ വ്യാപക അക്രമം തുടരുകയാണ്. ബി.ജെ.പിയുടേയും സി.പി.ഐ.എമ്മിന്റേയും നേതാക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണവും ബോംബേറും ഉണ്ടായി.

എ.എന്‍.ഷംസീര്‍ എം.എല്‍.എ, സി.പി.ഐ.എം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി, ബി.ജെ.പി രാജ്യസഭാ എം.പി. വി.മുരളീധരന്‍, എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്.

അടൂര്‍ താലൂക്കില്‍ മൂന്നു ദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എസ്.പിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആര്‍.ടി.ഒയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കി. ഏനാത്ത്, അടൂര്‍, കൊടുമണ്‍, പന്തളം പരിധികളിലാണ് നിരോധനാജ്ഞ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here