‘ഓപ്പറേഷന്‍ ലോട്ടസ്’ കര്‍ണാടകയില്‍ നടപ്പാക്കാന്‍ ബിജെപി; രണ്ട് സ്വതന്ത്രര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

0
243

ബെംഗളൂരു (www.mediavisionnews.in): കര്‍ണാടകയില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഗവര്‍ണറെ ഇക്കാര്യം ഇരുവരും രേഖാമൂലം അറിയിച്ചിട്ടുണ്ട്. എച്ച്.നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഇതോടെ 115 പേരുടെ മാത്രം പിന്തുണയാണ്. നേരത്തെ ഇത് 117 ആയിരുന്നു. 224 അംഗ സഭയില്‍ 113 പേരുടെ പിന്തുണ ആവശ്യമാണ്. ബിജെപിക്ക് 104 പേരുടെ പിന്തുണയുണ്ടായിരുന്നു. നിലവില്‍ 106 ആയി ഇത്
വര്‍ധിച്ചു. ഇനിയും കൂടുതല്‍ പേര്‍ ബിജെപിക്ക് പിന്തുണ നല്‍കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നേരത്തെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തുമെന്ന് ബിജെപി നേതാക്കള്‍ സൂചന നല്‍കിയിരികുന്നു. മകരസംക്രാന്തിക്ക് ശേഷം കര്‍ണാടകയില്‍ പുതിയ സര്‍ക്കാരായിരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒരു ചാനലിനോട് പറഞ്ഞു.

സര്‍ക്കാരിനെ അട്ടിമറിക്കാനായി ബി.ജെ.പി ”ഓപ്പറേഷന്‍ ലോട്ടസ്” ആരംഭിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസിലെ മൂന്ന് എം.എല്‍.എമാര്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം മുംബൈയിലെ ഹോട്ടലില്‍ ഉണ്ടെന്നും കര്‍ണാടക മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബിജെപി നേതാക്കള്‍ അട്ടിമറി സൂചനകളുമായി രംഗത്ത് വന്നിരിക്കുന്നത്.

‘ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ചേര്‍ന്ന് മത്സരിക്കുന്നത് ബിജെപിയെ അപേക്ഷിച്ച് തിരിച്ചടിയാണ്. കര്‍ണാടകയില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയെന്നത് ഞങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. കാരണം അങ്ങിനെയെങ്കില്‍ മാത്രമേ ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. ഒരു തവണ ജെഡിഎസ് പരാജയപ്പെട്ടാല്‍ ഒന്നുകില്‍ തനിച്ച് നീങ്ങാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടും. അല്ലെങ്കില്‍ എന്‍.ഡി.എയ്ക്കൊപ്പം ചേരേണ്ടി വരും. കോണ്‍ഗ്രസ് ഇപ്പോള്‍ അധ:പതനത്തിന്റെ പാതയിലാണ്. അതുകൊണ്ടാണ് ഞങ്ങളുടെ നേതാക്കള്‍ ഈ അവസാന നിമിഷം പോലും ഇത്രയേറെ പരിശ്രമിക്കുന്നത്- മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു

കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമി നേതൃത്വത്തിലുള്ള ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ആര്‍ എസ് എസും ബിജെപിയും ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇതോടെ കൂടുതല്‍ ശക്തമായി. എന്നാല്‍, സംഘപരിവാര്‍ പാര്‍ട്ടികളുടെ ഒരു ഭീഷണിയും തന്റെ സര്‍ക്കാരിന് തത്കാലമില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ബിജെപിയുടെ അട്ടിമറി വാര്‍ത്തകളെ തള്ളി.

”കുതിരക്കച്ചടമാണ് ബി.ജെ.പി ഇപ്പോള്‍ കര്‍ണാടകയില്‍ നടത്തുന്നത്. തങ്ങളുടെ ചില എം.എല്‍.എമാരെ അവര്‍ ചാക്കിട്ടു പിടിച്ചിരിക്കുകയാണ്. അവര്‍ ഇപ്പോള്‍ മുംബൈയിലെ ഹോട്ടലില്‍ ബി.ജെ.പി, എം.എല്‍.എമാര്‍ക്കും നേതാക്കള്‍ക്കും ഒപ്പമാണ് ഉള്ളത്. അവിടെ എന്താണ് നടക്കുന്നതെന്നും വാഗ്ദാനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാമെന്നും ശിവകുമാര്‍ പറഞ്ഞു.
സിദ്ധരാമയ്യയ്ക്കും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ ദിനേഷ് ഗുണ്ടുവിനും ഇക്കാര്യങ്ങളെല്ലാം അറിയാം എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ബി.ജെ.പിക്കാര്‍ എന്തെല്ലാം കളികള്‍ കളിച്ചാലും സര്‍ക്കാരിനെ അട്ടിമറിക്കാനാകുമെന്ന് കരുതേണ്ടെന്നായിരുന്നു ഡി.കെ ശിവകുമാര്‍ പറഞ്ഞിരുന്നത്.

വലിയ തുകയും മന്ത്രിസ്ഥാനവുമാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നായിരുന്നു എം.എല്‍.എമാര്‍ പറഞ്ഞത്.
നേരത്തെ ഭരണം അട്ടിമറിക്കുന്നതിന് 100 കോടി വാഗ്ദാനമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കഴിഞ്ഞ ആഴ്ച മധ്യപ്രദേശിലെ ഭരണം അട്ടിമറിക്കാന്‍ 100 കോടി രൂപ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിംഗ് വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here