ദുബൈ (www.mediavisionnews.in): വ്യാജ വിലാസത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിലസുന്നവരുടെ എണ്ണം പ്രതിവര്‍ഷം കൂടുകയാണെന്ന് സിഐഡി ഡയറക്ടര്‍ ബ്രി.ജമാല്‍ അല്‍ ജല്ലാഫ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം സമൂഹ മാധ്യമങ്ങളില്‍ വ്യാജ വിലാസത്തിലുള്ള 500 അക്കൗണ്ടുകള്‍ ദുബൈ പൊലീസ് സിഐഡി അധികൃതര്‍ റദ്ദാക്കിയിരുന്നു. സംശയാസ്പദമായ 2920 അക്കൗണ്ടുകള്‍ നീരീക്ഷിച്ച ശേഷമാണ് 500 എണ്ണം റദ്ദാക്കിയത്.
2007ല്‍ 1,799 അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷിച്ചിരുന്നു. ഒട്ടേറെ കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ പൊലീസിന്റെ ആധുനിക സൈബര്‍ നിരീക്ഷണ സംവിധാനം കൊണ്ട് സാധിച്ചതായി അല്‍ ജല്ലാഫ് പറഞ്ഞു. പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരുടെ സേവനവും ജനങ്ങളുടെ ഓണ്‍ലൈന്‍ സുരക്ഷയ്ക്കായി ദുബൈ പൊലീസ് പ്രയോജനപ്പെടുത്തുന്നുണ്ട്.
എടിഎം തട്ടിപ്പ്
‘താങ്കളുടെ എടിഎം കാര്‍ഡ് പുതുക്കാത്തതിനാല്‍ റദ്ദായിട്ടുണ്ട്. കാര്‍ഡ് ഉപയോഗിക്കാന്‍ താങ്കള്‍ താഴെ കാണുന്ന മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുക’ ഇത്തിസാലാത്ത് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് അറബിക്, ഇംഗ്ലിഷ് ഭാഷകളില്‍ വാട്‌സാപ് വഴിയെത്തുന്ന സന്ദേശമാണിത്. ഈ നമ്പരുകളില്‍ പ്രതികരിച്ച് ബാങ്ക് വിശദാംശങ്ങള്‍ നല്‍കരുതെന്ന് പൊലീസ് അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ്
സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അപരിചിതരുമായി കൂട്ട് കൂടരുതെന്ന് സിഐഡി ഐടി വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ കേണല്‍ സാലിം ഉബൈദ് സാലിമീന്‍ പറഞ്ഞു. കുട്ടികളുടെ നവമാധ്യമ ഇടപെടല്‍ രക്ഷിതാക്കളുടെ പരിധിയിലാകണം. അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സുരക്ഷിതമല്ല. രക്ഷിതാക്കളുടെ ഇമെയില്‍, മൊബൈല്‍ ഫോണ്‍ എന്നിവയുമായി കുട്ടികളുടെ അക്കൗണ്ട് ബന്ധിപ്പിക്കുന്നതാണ് നല്ലത്. സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നത് വാട്‌സാപ് വഴിയാണെന്നും സാലിമീന്‍ പറഞ്ഞു.