കുമ്പള(www.mediavisionnews.in): ഉപ്പള നയാബസാറിൽ രൂക്ഷമായ ഗുണ്ട വിളയാട്ടം നടക്കുന്നതായി നാട്ടുകാർ. പരാതിപ്പെട്ടിട്ടും പോലീസ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
മാസങ്ങളായി പ്രദേശത്ത് ഗുണ്ടകൾ അഴിഞ്ഞാട്ടം തുടങ്ങിയിട്ട്. കഞ്ചാവ് ലഹരിയിൽ സംഘം ചേർന്ന് ആളുകളെ ഭീഷണിപ്പെടുത്തുന്നതും മർദ്ദിക്കുന്നതും പതിവായിട്ടുണ്ട്. സ്കൂൾ ബസ് തടഞ്ഞ് വിദ്യാർത്ഥിനികളെ ഇറക്കിക്കൊണ്ട് പോകുന്നതും ചോദ്യം ചെയ്യുന്ന രക്ഷിതാക്കളെ ‘ഭായിയുടെ ആളാണെ’ന്ന് പറഞ്ഞ് വധഭീഷണി മുഴക്കുന്നതായും നാട്ടുകാർ പറയുന്നു. ഈയിടെ സംഘത്തിനെതിരെ നാട്ടുകാർ സംഘടിക്കുകയും ഒരാളെ അടിച്ച് ഓടിക്കുകയും ചെയ്ത സംഭവത്തെ മണൽ മാഫിയ അക്രമിച്ചെന്ന് വരുത്തിത്തീർത്തതായും നാട്ടുകാർ പറഞ്ഞു. അതേ സമയം ഈ യുവാവിന്റെ മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടെ പലതരത്തിലുള്ള മുന്നൂറോളം ഫോട്ടോകൾ കണ്ടെത്തിയിട്ടുള്ളതായും നാട്ടുകാർ ആരോപിച്ചു.
കഞ്ചാവ് മാഫിയക്കെതിരെ പ്രദേശത്തെ മുന്നൂറോളം ആളുകളിൽ നിന്നും ഒപ്പുശേഖരണം നടത്തിയിട്ടുണ്ടെന്നും ഇത് വച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും നാട്ടുകാർ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ റഫീഖ് പാറക്കട്ട, മുഹമ്മദ് കണ്ണങ്കള, അബൂബക്കർ , മുഹമ്മദ് ഹനീഫ്, ഇബ്രാഹിം ഖലീൽ എന്നിവർ സംബന്ധിച്ചു.