പൈവളികെ(www.mediavisionnews.in): പൈവളികെയില്‍ പൊലീസ് സ്റ്റേഷന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ ഉപ്പള പൊലീസ് സ്റ്റേഷന്‍ എന്ന കാലങ്ങളായുള്ള നാട്ടുകാരുടെ ആവശ്യം വാഗ്ദാനങ്ങളില്‍ ഒതുങ്ങി. ഇത് നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഉപ്പളയില്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ കാലങ്ങളായി മുറവിളി ഉയര്‍ത്തിവരികയായിരുന്നു. അതിനിടെയാണ് പൈവളികെയില്‍ പൊലീസ് സ്റ്റേഷന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുന്നതും പിടിച്ചു പറി ഉള്‍പ്പെടെയുള്ള സംഭവങ്ങളും പതിവാണ്.
കഞ്ചാവ് മാഫിയയുടെ വലിയൊരു സംഘം തന്നെ ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടത്രെ. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാക്കളായ അസ്‌റുദ്ദീന്‍, മുത്തലിബ് എന്നിവര്‍ ഉപ്പള ടൗണില്‍ വെച്ച് കൊല്ലപ്പെട്ടത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിലവില്‍ ഉപ്പള. ഉപ്പളയിലേക്ക് മഞ്ചേശ്വരത്ത് നിന്ന് പൊലീസുകാരെത്തണമെങ്കില്‍ 8 കിലോമീറ്റര്‍ സഞ്ചരിക്കണം.
പൈവളികെയില്‍ നിന്ന് ഉപ്പളയിലേക്ക് 12 കിലോമീറ്ററുമുണ്ട്. പൊലീസിന്റെ ശ്രദ്ധ കുറയുന്നതാണ് ഉപ്പളയില്‍ ഗുണ്ടാ സംഘങ്ങളും കഞ്ചാവ് മാഫിയകളും വളരാന്‍ കാരണമായതെന്ന് പറയുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഉപ്പളയിലാണ്. കൊടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ ഉപ്പളയില്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അന്തരിച്ച പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ. നേരത്തെ ഉപ്പള പൊലീസ് സ്റ്റേഷനായി നിയമസഭയില്‍ ആവശ്യം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എയ്ഡ് പോസ്റ്റ് പൈവളികയിലേക്ക് മാറ്റി പൊലീസ് സ്റ്റേഷന്‍ ഉപ്പളയില്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.