ന്യൂഡല്‍ഹി (www.mediavisionnews.in) : രാമക്ഷേത്ര തര്‍ക്കകേസില്‍ വിവാദ ഭൂമിയില്‍ ഉള്‍പ്പെടാത്ത സ്ഥലം രാം ജന്മഭൂമി ട്രസ്റ്റിന് കൈമാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. തര്‍ക്ക ഭൂമിയില്‍ ഉള്‍പ്പെടാത്ത അധികഭൂമി പൂര്‍ണമായും രാം ജന്മഭൂമി ന്യാസിന് തിരിച്ചു നല്‍കണം.അധിക ഭൂമിയെ നിലവിലുള്ള കേസുമായി ബന്ധിപ്പിക്കാതെ യഥാര്‍ഥ അവകാശികള്‍ക്ക് തിരിച്ചു നല്‍കാന്‍ അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടു.
ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് മുമ്പുള്ള ഭൂമിയുടെ തല്‍സ്ഥിതി തുടരാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. 25 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറിനും സുപ്രീംകോടതി ഉത്തരവ് ബാധകമാണ്.എന്നാൽ തര്‍ക്കഭൂമിക്ക് പുറത്തുള്ള 65 ഏക്കര്‍ സ്ഥലം വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള രാമ ജന്മഭൂമി ന്യാസിന് നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
അതേസമയം ബാബരി ഭൂമി തര്‍ക്കകേസില്‍ ഇന്നു മുതല്‍ വാദം കേള്‍ക്കാനിരുന്നത് മാറ്റിവെച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് എസ്.എ. ബോബ്‌ഡേക്ക് ഹാജരാകാന്‍ കഴിയാത്തതിനാല്‍ കേസ് പരിഗണിക്കുന്നത് നീട്ടിവെക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.