വാഷിങ്ടണ്‍ (www.mediavisionnews.in): അമേരിക്കയില്‍ അതിശൈത്യം തുടരുന്നു. റെക്കോര്‍ഡ് തണുപ്പാണ് രാജ്യത്തെ പല പ്രദേശങ്ങളിലും കാനഡയിലും കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. എട്ടുപേര്‍ ഇതുവരെ മരിച്ചു. ജനജീവിതം ഏതാണ്ട് പൂര്‍ണമായി സ്തംഭിച്ചു. മിനിപൊലിസ്-സെന്റ്‌പോള്‍ മേഖലയില്‍ താപനില മൈനസ് 53 ഡിഗ്രി വരെയെത്തിയേക്കും.
ഉത്തര ധ്രുവത്തില്‍നിന്നുള്ള ഏറ്റവും തണുത്ത കാറ്റ് വടക്കേ അമേരിക്കയിലേക്ക് എത്തുന്ന പ്രതിഭാസത്തെ പോളാര്‍ വോര്‍ട്ടക്‌സ് എന്നാണ് വിളിക്കുന്നത്. അമേരിക്കയിലെ ഈ ആഴ്ചത്തെ ഏറ്റവും കുറഞ്ഞ താപനിലയ്ക്ക് കാരണവും ഈ പ്രതിഭാസമാണ്. ഇന്നു നടക്കുന്ന ഹിമപാതത്തെ തുടര്‍ന്ന് അടുത്ത രണ്ടു ദിവസങ്ങളില്‍ മധ്യ അമേരിക്കയിലും വടക്കു കിഴക്കന്‍ പ്രദേശങ്ങളിലും അതി ശൈത്യം അനുഭവപ്പെടും.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും തണുത്ത ദിവസങ്ങളാണ് ഈയാഴ്ചയിലുണ്ടാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ നാലിലൊന്നു ഭാഗങ്ങളിലും നാളെ മൈനസ് ഇരുപതില്‍ താഴെയാകും താപനില. ഇന്നു നടക്കുന്ന ഹിമപാതത്തെ തുടര്‍ന്ന് അടുത്ത രണ്ടു ദിവസങ്ങളില്‍ മധ്യ അമേരിക്കയിലും വടക്കു കിഴക്കന്‍ പ്രദേശങ്ങളിലും അതി ശൈത്യം അനുഭവപ്പെടും. അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളിലും മഞ്ഞു വീഴ്ചയുണ്ടാകും.
വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പോലും കഴിയാത്തത്ര തണുപ്പാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ആറു കോടിയോളം ജനങ്ങളാണ് അതിശൈത്യം അനുഭവപ്പെടുന്ന പ്രദേശങ്ങളിലുള്ളത്. അതിശൈത്യത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും ഗവണ്‍മെന്റ് ഓഫീസുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. ആയിരത്തോളം വിമാന സര്‍വ്വീസുകളും റദ്ദ് ചെയ്തു.