മഥുര (www.mediavisionnews.in): സ്വത്തിനായി മരുമകള്‍ കൃത്രിമമായി മരണസര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കിയപ്പോള്‍ ഒരമ്മയ്ക്ക് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ കയറേണ്ടി വന്നത് ഹെെക്കോടതി വരെ. അവസാനം സ്ഥലം കെെയ്ക്കലാക്കുന്നതിന് വേണ്ടി മകള്‍ മരണ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കിയതാണെന്ന് മദ്രാസ് ഹെെക്കോടതി കണ്ടെത്തി.
തുടര്‍ന്ന് രാമനാഥപുരം ജില്ലയിലെ എ തോട്ടിയമ്മാളുടെ മരണ സര്‍ട്ടിഫിക്കേറ്റാണ് കോടതി റദ്ദ് ചെയ്തത്. കേസില്‍ മരുമകളെയും അവരുടെ മകനെയും കോടതി കക്ഷിചേര്‍ത്തിട്ടുണ്ട്. 2016 സെപ്റ്റംബര്‍ 27ന് മരിച്ചെന്ന രീതിയിലുള്ള തോട്ടിയമ്മാളുടെ മരണ സര്‍ട്ടിഫിക്കേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയ കോടതി ഈ വിഷയത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടു.
രാമനാഥപുരം മുനിസിപ്പല്‍ കമ്മീഷണറും ജില്ലാ രജിസ്ട്രാറും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കൂടാതെ, വ്യാജമായി മരുമകള്‍ തന്‍റെ മകന്‍റെ പേരിലേക്ക് മാറ്റിയ സ്ഥലത്തിന്‍റെ ഇനാം കോടതി റദ്ദാക്കി. തന്‍റെ മകനായ എ ദോസിനൊപ്പമാണ് തോട്ടിയമ്മാള്‍ ജീവിച്ചിരുന്നത്.
12 സെന്‍റ് സ്ഥലമാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഒരു മകനെ കൂടാതെ മൂന്ന് പെണ്‍മക്കളും തോട്ടിയമ്മാളിന് ഉണ്ടായിരുന്നു. 2016ല്‍ നടന്ന ഒരു അപകടത്തില്‍ തോട്ടിയമ്മാളിന്‍റെ മകന്‍ ദോസ് മരണപ്പെട്ടു. എന്നാല്‍, തോട്ടിയമ്മാള്‍ അറിയാതെ തന്നെ ദോസ് സ്ഥലം തന്‍റെ മകനായ പ്രവീണ്‍ കുമാറിന്‍റെ പേരില്‍ എഴുതിവെച്ചു.
തോട്ടിയമ്മാളിന്‍റെ മൂന്ന് പെണ്‍മക്കളുടെയും ഒപ്പ് വ്യാജമായി ഇട്ടായിരുന്നു സ്ഥലം പേരിലാക്കിയത്. ദോസിന്‍റെ മരണശേഷം നിയമപരമായ അവകാശമുണ്ടെന്ന് കാണിക്കാനായി തോട്ടിയമ്മാള്‍ ജീവിച്ചിരിക്കെ തന്നെ ദോസിന്‍റെ ഭാര്യ മീനാക്ഷി മരണ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കുകയായിരുന്നു. ചതിക്കപ്പെട്ടതായി അറിഞ്ഞതോടെ തോട്ടിയമ്മാള്‍ പൊലീസിന് പരാതി നല്‍കിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല. തുടര്‍ന്നാണ് തോട്ടിയമ്മാള്‍ കോടതിയെ സമീപിച്ചത്.