മൊഹാലി(www.mediavisionnews.in): രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി കേരള. ആദ്യ ഇന്നിംഗ്‌സില്‍ 97 റണ്‍സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അഞ്ച് വിക്കറ്റിന് 189 റണ്‍സ് എന്ന നിലയിലാണ്. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ അസ്ഹറുദ്ദീന്റെ മികവിലാണ് കേരളം കുതിക്കുന്നത്.
ഇതോടെ കേരളത്തിന് അഞ്ച് വിക്കറ്റ് അവശേഷിക്കെ 94 റണ്‍സിന്റെ മുന്‍തൂക്കം ലഭിച്ചിട്ടുണ്ട്. ഇനിയൊരു 100 റണ്‍സ് കൂടി കണ്ടെത്താനായാല്‍ കേരളത്തിന് മത്സരത്തില്‍ വിജയപ്രതീക്ഷയുണ്ട്.
അസ്ഹറുദ്ദീന്‍ 112 റണ്‍സാണ് സ്വന്തമാക്കിയത് 167 പന്തില്‍ 12 ഫോറും രണ്ട് സിക്‌സും സഹിതമാണ് അസ്ഹറുദ്ദീന്റെ ഇന്നിംഗ്‌സ്. 27 റണ്‍സുമായി വിഷ്ണു വിനോദും റണ്‍സൊന്നും എടുക്കാതെ ജലജ് സക്‌സേനയുമാണ് കേരള നിരയില്‍ ബാറ്റ് ചെയ്യുന്നത്.
അസ്ഹറുദ്ദീനെ കൂടാതെ നായകന്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് കേരളത്തിന് ഇന്ന് നഷ്ടമായത്. സച്ചിന്‍ 16 റണ്‍സെടുത്തു. സഞ്ജു ബേബി (3) അരുണ്‍ കാര്‍ത്തിക് (0), രാഹുല്‍ പി (28) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന.
നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ കേരളം 121 റണ്‍സിന് പുറത്തായപ്പോള്‍ പഞ്ചാബ് 217 റണ്‍സ് നേടിയിരുന്നു.