കാസർകോട്(www.mediavisionnews.in): വർഗീയത ലക്ഷ്യം വച്ചു സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്ന കേസിൽ രണ്ടു പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ദക്ഷിണ കർണാടക ജില്ലയിലെ മജീദ് കന്യാന, നസീർ കന്യാന എന്നിവർക്കെതിരെയാണു കേസ്. വർഗീയത പരത്തുന്ന പോസ്റ്റുകൾ വാട്സ് ആപ് , ഫെയ്സ് ബുക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണു കേസ്.
മഞ്ചേശ്വരത്ത് ഹർത്താൽ ദിനത്തിൽ വെട്ടേറ്റ അബ്ദുൽ കരീം മൗലവി മരിച്ചെന്ന തരത്തിൽ ഇവർ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നു പൊലീസ് പറഞ്ഞു. എന്നാൽ മംഗളൂരു ആശുപത്രിയിൽ കഴിയുന്ന അബ്ദുൽ കരീം മൗലവി സുഖം പ്രാപിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ജില്ല പൊലീസ് മേധാവി എ. ശ്രീനിവാസ് അറിയിച്ചു.