മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്; ഏഴു ദിവസം മുമ്പ് പ്രഖ്യാപിക്കണം

0
212

കൊച്ചി (www.mediavisionnews.in):  മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച ഹൈക്കോടതി ഏഴുദിവസം മുമ്പ് ഹര്‍ത്താല്‍ പ്രഖ്യാപിക്കണമെന്ന് ഉത്തരവിട്ടു. സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കരുത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഉത്തരവ് ബാധകമാണ്. നാശനഷ്ടത്തിന് ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുക്കണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സംഘടനകളില്‍ നിന്നും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതിന് പണം ഈടാക്കും. ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ നിയമം വേണമെന്ന് ഹൈക്കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. മതിയായ നിയമം ഇല്ലാത്തതിനാലാണ് ഹര്‍ത്താല്‍ തുടര്‍ക്കഥയാകുന്നത്. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ത്താലിലെ അക്രമങ്ങള്‍ ഗൗരവമേറിയ വിഷയമാണ്. വെറും തമാശപോലെയാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ വരുന്നത്. പ്രതിഷേധിക്കാന്‍ അവകാശമുണ്ട്, എന്നാല്‍ മറ്റുളളവരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുത്.

നാളത്തെ പണിമുടക്കില്‍ ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ എന്ത് നടപടി എടുത്തെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഹൈക്കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചു. നാളെ കടകള്‍ തുറക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

നാളെയും മറ്റന്നാളും നടക്കുന്ന ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറുമെന്ന ആശങ്ക ശക്തമായതിനിടെയാണ് കോടതിയുടെ ഇടപെടല്‍. പണിമുടക്കില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് തൊഴിലാളി സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും എത്രമാത്രം നടപ്പാകുമെന്നാണ് ആശങ്ക. അതേസമയം ആദ്യ ദിവസം പണിമുടക്കില്‍ പങ്കെടുക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.

പെട്രോള്‍, ഡീസല്‍ വിലവര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് നാലുമാസം മുമ്പ് സമരം പ്രഖ്യാപിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here