മഞ്ചേശ്വരം(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിന്റെ സമഗ്രവികസനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മഞ്ചേശ്വരത്ത് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
മഞ്ചേശ്വരംമുതൽ ഷിറിയവരെ കടലേറ്റ ഭീഷണി തടയാൻ പുലിമുട്ട് നിർമിക്കുക, ഉപ്പളയിൽ പോലീസ് സ്റ്റേഷൻ യാഥാർഥ്യമാക്കുക, മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിന്റെ നിർമാണജോലികൾ ഉടൻ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുൾക്കൊള്ളിച്ചാണ് നിവേദനം നൽകിയത്. നിവേദനം പരിശോധിച്ച് ആവശ്യമായ നടപടികളെടുക്കാമെന്ന് നിവേദകസംഘത്തിന് മുഖ്യമന്ത്രി ഉറപ്പുനൽകി. തൃക്കരിപ്പൂർ എം.എൽ.എ. എം.രാജഗോപാൽ, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ.ജയാനന്ദ, കുമ്പള ഏരിയാ സെക്രട്ടറി സി.എ.സുബൈർ എന്നിവരാണ് നിവേദനം നൽകിയത്.