മലപ്പുറം (www.mediavisionnews.in): ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണം വേണമോ,വേണ്ടയോയെന്ന കാര്യത്തില്‍ പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും തീരുമാനമായില്ല.പി.കെ ഫിറോസ് നല്‍കിയ പരാതി നവംബര്‍ 29ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.നിലവിലെ നിയമം അനുസരിച്ച് ഒരു മന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് സര്‍ക്കാരിന്റെ അനുമതി വേണം.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി മന്ത്രി കെ.ടി ജലീല്‍ ബന്ധുവിനെ നിയമിച്ചെന്ന ആക്ഷേപം ഉയര്‍ത്തിയതിന് പിന്നാലെ തന്നെ യൂത്ത്‌ലീഗ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. നവംബര്‍ 28ന് പി.കെ ഫിറോസ് നല്‍കിയ പരാതി തൊട്ട് പിറ്റേ ദിവസം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് കൈമാറി. പക്ഷെ ഒരു മാസം കഴിഞ്ഞിട്ടും പരാതിയിന്മേല്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല.
പരാതിയുടെ അവസ്ഥയെന്താണെന്ന് വിവരാവകാശ നിയമപ്രകാരം പി.കെ ഫിറോസ് വിജിലന്‍സിനോട് ചോദിച്ചിട്ടുണ്ട്.അതിന് മറുപടി ലഭിച്ചതിന് ശേഷം വിജിലന്‍സ് അന്വേഷണമില്ലെങ്കില്‍ ഉടന്‍ തന്നെ കോടതിയെ സമീപിക്കാനാണ് യൂത്ത്‌ലീഗിന്റെ തീരുമാനം. കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീപ് പദവി രാജിവെച്ച സാഹചര്യത്തില്‍ മന്ത്രിക്കെതിരെ അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നാണ് സൂചന.