പത്തനംതിട്ട(www.mediavisionnews.in):ശബരിമല ദര്‍ശനത്തിനെത്തി പ്രതിഷേധം കാരണം പൊലീസ് തിരിച്ചിറക്കിയ യുവതികള്‍ നിരാഹാര സമരം തുടങ്ങി. കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിശാന്തും ഷാനില സജീഷുമാണ് പൊലീസ് കസ്റ്റഡിയില്‍ നിരാഹാര സമരം ആരംഭിച്ചത്. ശബരിമല ദര്‍ശനം നടത്തണമെന്നാവശ്യപ്പെട്ടാണ് യുവതികള്‍ നിരാഹാര സമരം തുടങ്ങിയത്. പൊലീസ് നടപടികളില്‍ പ്രതിഷേധിച്ചാണ് ഇരുവരുടെയും പ്രതിഷേധം.
ബലം പ്രയോഗിച്ചാണ് പൊലീസ് ഞങ്ങളെ തിരിച്ചിറക്കിയതെന്ന് യുവതികള്‍ ആരോപിച്ചു. അറസ്റ്റു ചെയ്യുന്നു എന്നു പറഞ്ഞു കൊണ്ടാണ് പൊലീസ് ഞങ്ങളെ കൊണ്ടുപോയത്. പൊലീസ് കസ്റ്റഡിയിലാണെന്നും അടുത്ത നീക്കം അറിയില്ലെന്നും യുവതികള്‍ പറഞ്ഞു.
ദര്‍ശനം നടത്താനാണ് തങ്ങള്‍ വന്നത്. പൊലീസ് സംരക്ഷണം നല്‍കാമെന്ന് അറിയിച്ചിരുന്നു. അഞ്ചുപേര്‍ മാത്രമാണ് ആദ്യം സമരത്തിനുണ്ടായിരുന്നത്. അത് കൂടാനുള്ള സാഹചര്യമുണ്ടാക്കിയത് പൊലീസാണ്. പൊലീസ് ഞങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്താതെ മാലയഴിക്കാനോ വ്രതം അവസാനിപ്പിക്കാനോ തയാറല്ലെന്നും ഇരുവരും വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു ഇവര്‍ ശബരിമല ദര്‍ശനത്തിന് എത്തിയത്. കനത്ത പ്രതിഷേധം കാരണം ബലം പ്രയോഗിച്ചായിരുന്നു പൊലീസ് ഇവരെ തിരിച്ചിറക്കിയത്. പ്രതിഷേധക്കാര്‍ നീലിമലയില്‍ വെച്ച് മൂന്നേകാല്‍ മണിക്കൂര്‍ ഇവരെ തടഞ്ഞിരുന്നു. ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്നവര്‍ ഇവിടെ സംഘടിക്കാന്‍ തുടങ്ങിയതോടെയാണ് യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കിയത്.
ഇരുവരും ഏഴംഗ സംഘത്തിന് ഒപ്പമാണ് ദര്‍ശനത്തിന് എത്തിയിരുന്നത്. മല ഇറങ്ങുന്ന തീര്‍ത്ഥാടകര്‍ ഇവരെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് തടയുകയായിരുന്നു. പ്രതിഷേധക്കാരില്‍ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.