പാലക്കാടും മഞ്ചേര്വത്തും ഇന്ന് ആറ് മണിവരെ നിരോധനാജ്ഞ

0
194

പാലക്കാട്(www.mediavisionnews.in): ശബരിമല യുവതീപ്രവേശത്തിനെത്തുടർന്നുണ്ടായ സംഘർത്തിന് അയവില്ലാത്തതിനാൽ പാലക്കാട് നഗരത്തിലും കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും നിരോധനാജ്ഞ. ഇന്ന് വൈകിട്ട് ആറുമണിവരെയാണ് നിരോധനാജ്ഞ. ഹർത്താലിൽ പാലക്കാട് നഗരത്തിലെമ്പാടും വ്യാപക അക്രമങ്ങളുണ്ടായിരുന്നു. നഗരത്തിലും മണ്ണാര്‍ക്കാടും പലതവണ സംഘര്‍ഷമുണ്ടായി. സംസ്ഥാനത്താകെ ഇന്ന്  745 പേര്‍ അറസ്റ്റിലായി. 628പേര്‍  കരുതല്‍ തടങ്കലില്‍, 559 കേസ് റജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരത്ത് സ്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു

ഹര്‍ത്താല്‍ സമയം കഴിഞ്ഞശേഷം തിരുവനന്തപുരത്ത് മൂന്നിടങ്ങളിലെ അക്രമ സംഭവങ്ങളില്‍ ശബരിമല തീര്‍ഥാടകന്‍ അടക്കം നാലുപേര്‍ക്ക് പരുക്ക്. കളിയിക്കാവിളയിലില്‍ ശബരിമലയിലേക്ക് പോകുകയായിരുന്ന പന്ത്രണ്ട സംഘത്തിന് നേരേയുണ്ടായ ആക്രമണത്തിലാണ് പ്രശാന്ത് എന്ന തീര്‍ഥാടകന് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന ജെറിനും കുത്തേറ്റു. ആക്രമണ കാരണം വ്യക്തമല്ല.

സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ പനങ്കാല എന്ന സ്ഥലത്ത് നിന്ന് കെട്ടുകെട്ടി നടന്നുവരികയായിരുന്ന പന്ത്രണ്ടംഗ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പനങ്കാലയ്ക്കും കളിയിക്കാവിളയ്ക്കും മധ്യേ ആര്‍.സി. സ്ട്രീറ്റില്‍  രാത്രി എഴരയോടെയായിരുന്നു സംഭവം. പ്രശാന്ത് എന്ന തീര്‍ഥാടകനും ഒപ്പമുണ്ടായിരുന്ന ജെറിനും കുത്തേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ബാക്കി തീര്‍ഥാടകര്‍ അക്രമകളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയപാത ഉപരോധിച്ചു.

രാവിലെ പാലക്കാട്ട് ‌ഹര്‍ത്താലനുകൂലികള്‍ സിപിെഎ ജില്ലാ കമ്മിറ്റി ഒാഫീസും വാഹനങ്ങളും അടിച്ചുതകര്‍ത്തു. ഡിവൈഎഫ്ഐ , എന്‍ജിഒ യൂണിയന്‍ ഓഫീസുകളും ആക്രമിക്കപ്പെട്ടതോടെ പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ കല്ലേറില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേറ്റു. അന്‍പത് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

വിക്ടോറിയ കോളജിന് സമീപത്ത് ഹര്‍ത്താലനുകൂലികള്‍ പ്രകടനത്തിനായി സംഘടിച്ചതോടെ ഇവിടെത്തന്നെയുളള സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് ഇരുനൂറിലധികം ഡിവൈഎഫ്ഐ സിപിഐഎം പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നു. ഇതിനിടെ ഇതുവഴി വന്ന ആര്‍എസിഎസിന്റെ ചെറുപ്രകടനമാണ് തുടക്കത്തില്‍ അക്രമത്തിന് വഴിമാറിയത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞതോടെ സംഘര്‍ഷമായി. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേറ്റു.

രണ്ടു മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ സംഭവം. ബിജെപി ആര്‍എസ്എസ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്താന്‍ തീരുമാനിച്ചെങ്കിലും സിപിഎം ഒാഫീസിന് മുന്നിലൂടെ പൊലീസ് അനുവദിച്ചില്ല. ചര്‍ച്ചയ്ക്കൊടുവില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തെങ്കിലും സിപിെഎ ഓഫീസ് കേന്ദ്രീകരിച്ചായി രണ്ടാമത്തെ അക്രമം. കാറുകളും ഇരുചക്രവാഹനങ്ങളും ഓഫീസിന്റെ ചില്ലുകളും പൂര്‍ണമായും അടിച്ചുതകര്‍ത്തു.

ഇവിടെ പൊലീസിനെ വിന്യസിച്ചിരുന്നില്ല. പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ച് അക്രമികളെ തുരത്തി.. ഡിവൈഎഫ്ഐ, എന്‍ജിഒ യൂണിയന്‍ ഓഫീസുകളും ആക്രമിക്കപ്പെട്ടു. പൊലീസ് നടത്തിയ തിരച്ചിലില്‍ അക്രമികളായ അന്‍പതു പേരെ കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലത്ത് സംഘപരിവാർ പ്രകടനത്തിനിടെ പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പൊലീസുകാര്‍ക്ക് പരുക്കേറ്റു. തത്തമംഗലത്തു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓഫീസ് എറിഞ്ഞുതകർത്തു. വെണ്ണക്കരയിൽ സിപിഐഎം നിയന്ത്രണത്തിലുള്ള വായനശാല തീവെച്ചു നശിപ്പിച്ചു. മരുതറോഡ് പഞ്ചായത്ത് ഓഫീസും ആംബുലൻസും ആക്രമിക്കപ്പെട്ടു. അകത്തേത്തറയില്‍ പൊതുകിണറിൽ മാലിന്യം തള്ളി കോളനിക്ക് മുന്നിൽ സ്ഥാപിച്ച ഡിവൈഎഫ്ഐ സിപിഎം കൊടിമരങ്ങള്‍ നശിപ്പിച്ചു.

ജില്ലയിലെ പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാപക അക്രമത്തിന് സാധ്യത നിലനില്‍ക്കുന്നു. പ്രവര്‍ത്തകരുടെ വൈകാരികമായ നീക്കങ്ങള്‍ നാടിനെ വീണ്ടും അശാന്തിയിലേക്ക് തളളിവിടുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here