ജലീലിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം പി.കെ ഫിറോസ്

0
204

കോഴിക്കോട്(www.mediavisionnews.in): മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന പരാതിയില്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. തന്റെ ബന്ധുവായ കെ.ടി അദീബിനെ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് സ്വന്തം വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ ജനറല്‍ മാനേജറായി നിയമിച്ചതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 2018 നവമ്പര്‍ 3ന് നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ നവമ്പര്‍ 28ന് സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. പരാതി നല്‍കി മൂന്ന് മാസമായിട്ടും എന്ത് കൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് വിജിലന്‍സ് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വ്യക്തമാക്കണം.

യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. കോടതിയില്‍ പോകുമെന്ന് ഭയമുള്ളത് കൊണ്ട് മനപൂര്‍വ്വം കാലതാമസം വരുത്തുന്നതിന് വേണ്ടിയാണ് വിജിലന്‍സ് മറുപടി നല്‍കാത്തത്. വിജിലന്‍സ് അന്വേഷണം ആരംഭിച്ചാല്‍ മന്ത്രിക്ക് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ പോലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും വിജിലന്‍സിന് വിമര്‍ശനം ഏല്‍ക്കേണ്ടി വരുമെന്നും ഭയക്കുന്നത് കൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കാത്തത്. ഇക്കാരണമല്ലെങ്കില്‍ മറ്റെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കെ.ടി ജലീല്‍ മുഖ്യമന്ത്രിയെയോ സി.പി.എമ്മിനെയോ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് വ്യക്തമാക്കണം. മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് വേണ്ടി മന്ത്രിസഭ യോഗം പോലും ബഹിഷ്‌കരിച്ച സി.പി.ഐക്ക് ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് ഉള്ളതെന്ന് തുറന്ന് പറയാന്‍ കാനം രാജേന്ദ്രന്‍ തയ്യാറാകണമെന്നും ഫിറോസ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here