ചെമ്പരിക്ക ഖാസിയുടെ മരണം; കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി സമസ്ത

0
202

കോഴിക്കോട്: കേരളത്തിലെ സുന്നി പണ്ഡിതരില്‍ പ്രമുഖനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മംഗലാപുരം, കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തില്‍ കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താനുറച്ച് സമസ്ത.

സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളാണ് സമസ്ത പ്രക്ഷോഭത്തിനിറങ്ങുന്ന കാര്യം വ്യക്തമാക്കിയത്. ഇതിനോടനുബന്ധിച്ച് ഫെബ്രുവരി ആദ്യവാരം കോഴിക്കോട് പ്രതിഷേധ സമ്മേളനം നടത്താനും തീരുമാനമായി.

ഖാസിയുടെ മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നെന്നും കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതുവരെ പ്രക്ഷോഭം നടത്തുമെന്നും ജിഫ്രി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ഖാസിയുടെ മരണത്തില്‍ സമസ്ത മൗനം പാലിക്കുന്നെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി ആരോപിച്ചിരുന്നു ഇതിന് തൊട്ട് പിന്നാലെയാണ് പ്രക്ഷോഭവുമായി രംഗത്തിറങ്ങാന്‍ സമസ്തയുടെ തീരുമാനം.

2010 ഫെബ്രുവരി 15 നാണ് ചെമ്പരിക്ക കടല്‍ത്തിരത്ത് കടലിലേയ്ക്ക് ഇറങ്ങിയുള്ള പാറക്കെട്ടുകളില്‍ നിന്ന് അബ്ദുല്ല മൗലവിയുടെ മൃതദേഹം കണ്ടെത്തിയത്. കടല്‍ത്തീരത്തെ പാറക്കെട്ടില്‍ നിന്ന് ചാടി മൗലവി ആത്മഹത്യ ചെയ്തു എന്നായിരുന്നു സി.ബി.ഐ അടക്കമുള്ള വിവിധ അന്വഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

എന്നാല്‍ ഈ നിഗമനം അംഗീകരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് രണ്ടാം വട്ടവും അന്വഷണം സി.ബി.ഐ ഏറ്റെടുക്കുന്നത്. ഈ അന്വഷണത്തിലും മൗലവിയുടെ മരണം ആത്മഹത്യ എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here