ഒടുക്കം കാരണം കിട്ടി; സെക്രട്ടറിയറ്റ് പടിക്കലെ നിരാഹാര സമരം ബി.ജെ.പി. അവസാനിപ്പിച്ചു

0
204

തിരുവനന്തപുരം(www.mediavisionnews.in): ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർത്തുകൊണ്ടുള്ള ബി.ജെ.പിയുടെ സമരം അവസാനിപ്പിച്ചു. ശബരിമലയിൽ മണ്ഡലകാലം അവസാനിക്കുന്ന വേളയിൽ സമരത്തിന് അന്ത്യം കുറിക്കാം എന്ന നിലപാടെടുത്താണ് ബി.ജെ.പി ഈ തീരുമാനത്തിലെത്തിയത്. മാത്രമല്ല സമരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതിനാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല എന്നും ബി.ജെ.പി. അണികൾക്കിടയിൽ ആക്ഷേപമുണ്ട്.

അതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി കൂടിയാണ് സമരത്തിൽ നിന്നും ബി.ജെ.പി. പിൻവലിയുന്നത് എന്നും പറയപ്പെടുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ആചാരലംഘനം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡിസംബര്‍ മൂന്നിന് ബി.ജെ.പി സെക്രട്ടറിയറ്റ് പടിക്കൽ നിരാഹാര സമരം ആരംഭിച്ചത്.

ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന സമരം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. സമരം ഏറ്റെടുക്കാന്‍ നേതാക്കള്‍ തയ്യാറാവാത്തതും സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്തതും ബി.ജെ.പിയെ വെട്ടിലാക്കി. ഈ സാഹചര്യത്തില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹരജികള്‍ സുപ്രീം കോടതി പരിഗണിക്കുന്ന ജനുവരി 22ന് സമരം അവസാനിപ്പിക്കാനായിരുന്നു പാർട്ടി നീക്കം.

ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, ദേശീയ കൗൺസിൽ അംഗം സി.കെ പത്മനാഭന്‍ എന്നിവര്‍ നിരാഹാരം കിടന്നിരുന്നു. എന്നാൽ അതിനു ശേഷം സമരം ഏറ്റെടുക്കാൻ ബി.ജെ.പിയുടെ നേതാക്കൾ തയാറാകാത്ത സ്ഥിതി വന്നു. ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ കെ. സുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുക്കുമെന്ന പ്രചരണമുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിട്ടും നേതാക്കളായ പി.കെ. കൃഷ്ണദാസ്, എം.ടി രമേശ് എന്നിവര്‍ സമരം നടത്താന്‍ തയ്യാറായില്ല. ബി.ജെ.പി. എം.പി. വി. മുരളീധരൻ സമരപന്തലിൽ എത്തി ഐക്യധാർട്യം അറിയിച്ചിരുന്നെങ്കിലും സമരം ഏറ്റെടുക്കാൻ അദ്ദേഹം ഉത്‌സാഹം പ്രകടിപ്പിച്ചില്ല. തുടർന്നാണ് ബി.ജെ.പി നേതാക്കളായ എന്‍. ശിവരാജനും പി.എം വേലായുധനും നിരാഹാരം കിടന്നത്. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ വി.ടി. രമയാണ് ഇപ്പോള്‍ സമരപ്പന്തലിലുള്ളത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here