ദമ്മാം(www.mediavisionnews.in): അബുദാബിയില്‍ നിന്ന് കാണാതായ മലയാളി യുവാവ് അല്‍ അഹസയിലെ ജയിലിലുള്ളതായി സ്ഥിരീകരണം. കാസര്‍കോട് നീലേശ്വരം പാലായില്‍ ഹാരിസിനെയാണ് (28 ) കഴിഞ്ഞ മാസം ഡിസംബര്‍ എട്ടാം തീയതി മുതല്‍ അബുദാബിയില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇയാള്‍ അല്‍ അഹ്സയിലെ ജയിലിലുണ്ടെന്ന് കണ്ടെത്തിയത്. ജയിലില്‍ ഭക്ഷണം കഴിക്കാതെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഹാരിസ് ഇപ്പോള്‍ അല്‍ അഹ്‌സ മാനസികാരോഗ്യകേന്ദ്രത്തിലെ ജയില്‍ വാര്‍ഡിലാണുള്ളത്.
അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ഹാരിസ്. ഡിസംബര്‍ മാസം നടന്ന സഹോദരീപുത്രിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കമ്പനിയോട് അവധി ചോദിച്ചിരുന്നുവത്രെ. അത് ലഭിക്കാതെ വന്നതോടെ വിസ റദ്ദാക്കി തെന്ന നാട്ടിലയക്കണമെന്ന് ഇദ്ദേഹം വാശിപിടിച്ചു. ജോലിക്ക് പകരം സംവിധാനം ഉണ്ടാക്കാനായി 15 ദിവസം കാത്തിരിക്കാന്‍ കമ്പനി ആവശ്യപ്പെെട്ടങ്കിലും അധികൃതരുമായി സംസാരിച്ചു പിണങ്ങി നാടുവിടുകയായിരുന്നു. സൗദിയുടെ അതിര്‍ത്തി കടന്ന ഹാരിസിനെ രേഖകളില്ലാത്തതിനാല്‍ സൗദി അതിര്‍ത്തി സുരക്ഷാസേന കസ്റ്റഡിയിലെടുക്കുകയും അല്‍ അഹ്‌സ സെന്‍ട്രല്‍ ജയിലിനു കൈമാറുകയുമായിരുന്നു. സൗദിയിലേക്ക് നുഴഞ്ഞു കയറി എന്നാണ് കേസ്. ഏകദേശം ഒരു മാസമായി ഹാരിസ് അല്‍ അഹ്‌സ ജയിലില്‍ എത്തിയിട്ട്. ഇയാള്‍ ശക്തമായ മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി സഹതടവുകാര്‍ പറഞ്ഞു.
രാജ്യാതിര്‍ത്തി ഭേദിച്ചതിനെ തുടര്‍ന്നുള്ളള കേസ് ഒഴിവായി നാട്ടിലെത്താന്‍ കൂടുതല്‍ സമയം വേണ്ടി വന്നേക്കും എന്നറിഞ്ഞതോടെ ഇയാള്‍ കുടുതല്‍ സമ്മര്‍ദത്തിലായി.ഇതോടെ ജയിലില്‍ ആഹാരത്തോട് വിമുഖത കാണിക്കുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്ത ഹാരിസിനെ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ജയില്‍ അധികൃതര്‍ ചികിത്സക്കായി അല്‍അഹ്‌സ സൈക്യാട്രിക് ഹോസ്പിറ്റലിലേക്ക് മാറ്റി. മാനസികാശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ആണ് ഇപ്പോള്‍ ഹാരിസുള്ളത്. അല്‍ അഹ്സയിലെ സാമൂഹ്യ പ്രവര്‍ത്തകരായ ഹനീഫയും നാസര്‍ മഅ്ദിനിയും ഇദ്ദേഹത്തിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.