ദില്ലി (www.mediavisionnews.in): ദാദ്രി ആള്‍കൂട്ട കൊലപാതകക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുബോധ് കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സംഘപരിവാര്‍ സംഘടനയായ ബജ് രംഗ്ദള്‍.
സംഭവവുമായി ബന്ധപ്പെട്ട് ബുലന്ദ്ഷഹറിലെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്‍ യോഗേഷ് രാജ് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മകന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസമായിരുന്നു യുപിയിലെ ബുലന്ദ്ഷഹറില്‍ കലാപം നടന്നത്.
ഗ്രാമത്തിന് പുറത്ത് വനപ്രദേശത്ത് 25ഓളം കന്നുകാലികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
പശുവിനെ കശാപ്പ് ചെയ്തുവെന്ന ആരോപണവുമായി ഹിന്ദുത്വ സംഘടനകള്‍ നടത്തിയ വഴിതടയല്‍ പ്രതിഷേധമാണ് കലാപത്തിന് തിരികൊളുത്തിയത്.
സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിനിടെ വെടിയേറ്റാണ് സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത്.
സുബോധിന്റെ ഇടത്തേ കണ്ണിന് അടുത്താണ് വെടിയേറ്റത്. വെടിയുണ്ട തലച്ചോറില്‍ തറച്ച നിലയിലായിരുന്നു. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും പേഴ്സണല്‍ റിവോള്‍വറും കാണാതായിട്ടുണ്ട്.
സുബോധ് കുമാറിനെ വെടിവെച്ചത് റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എബിപി ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2015ലെ ദാദ്രി കേസിലെ പ്രതികളെ വേഗത്തില്‍ പിടികൂടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു സുബോധ് കുമാര്‍.
മാത്രമല്ല, അഖ്‌ലാഖിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ മാംസം വേഗത്തില്‍ത്തന്നെ പരിശോധനയ്ക്കായി ലാബിലെത്തിക്കുകയും ചെയ്തു. പശുമാംസം അല്ലെന്നായിരുന്നു ലാബ് പരിശോധനയിലെ കണ്ടെത്തല്‍.
അന്വേഷണം നടക്കുമ്പോള്‍ തന്നെ സംഘപരിവാര്‍ സമ്മര്‍ദത്തെ തുടര്‍ന്ന് സുബോധിനെ സ്ഥലവും മാറ്റിയിരുന്നു.
2015 സെപ്തംബറിലാണ് പശുമാംസം വീട്ടില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചുകൊന്നത്.