സുപ്രീം കോടതി വിധി മറികടന്ന് പോത്തോട്ട മത്സരം നടത്തി

0
200

മഞ്ചേശ്വരം(www.mediavisionnews.in):: സുപ്രീം കോടതി വിധി മറികടന്ന് പോത്തോട്ടമത്സരം നടത്തി. ജില്ലയിലെ പൈവളിഗെ ലാൽബാഗിലാണ് അണ്ണതിമ്മ ജോട്കരെ കമ്പളസമിതി ബോളംഗളെ ശ്രീക്ഷേത്ര ധർമസ്ഥല ഗ്രാമിഭിവൃദ്ധിയോജനയുമായി സഹകരിച്ച്‌ കമ്പള (പോത്തോട്ടമത്സരം) നടത്തിയത്. ഗ്രാമീണമേളയുടെ ഭാഗമായാണ് പോത്തോട്ടമത്സരം സംഘടിപ്പിച്ചത്. 13-ന്‌ തുടങ്ങിയ മേള തുളു അക്കാദമി ചെയർമാൻ ഉമേശ് സാലിയൻ ഉദ്ഘാടനം ചെയ്തു. തുളുനാട് ഗ്രാമീണസംസ്കാരത്തിന്റെ ഭാഗമായ പോത്തോട്ടമത്സരത്തിനു പുറമെ കബഡി, വടംവലി തുടങ്ങിയ കായികമത്സരങ്ങളും നടത്തിയിരുന്നു. പോത്തോട്ടമത്സരം നിരോധിച്ച വിധി കർണാടകയിൽ സംസ്ഥാന സർക്കാർ ഓർഡിനൻസ് വഴി മറികടന്നിരുന്നു. കർണാടകയുടെ അതിർത്തിഗ്രാമമായ ഇവിടെ സുപ്രീം കോടതി വിധി ബാധകമില്ലെന്ന തെറ്റിദ്ധാരണമൂലമാണ് മത്സരം നടത്തിയതെന്നു സംഘാടകർ അറിയിച്ചു. പോത്തിനെ ഉപദ്രവിക്കാതെയാണ് മത്സരം നടത്തുക. കാർഷികസംസ്കാരത്തിന്റെ ഭാഗമായാണ് ഈ മത്സരം നടത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

രേഖാമൂലം അറിയിച്ചിട്ടുണ്ട് -പോലീസ്

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പോത്തോട്ടമത്സരം നടത്താൻ അനുവദിക്കില്ലെന്നു സംഘാടകരെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന്‌ പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് 12-നും 14-നും രണ്ടുതവണ പോത്തോട്ടം നടത്തരുതെന്നു കാണിച്ച് നോട്ടീസ് നൽകിയിരുന്നു. ഇതുകൂടാതെ സുപ്രീം കോടതി വിധിയുടെ പകർപ്പും സംഘാടകർക്ക് നൽകിയിരുന്നു. എന്നാൽ, കർണാടകയിലുള്ളവരാണ് സംഘാടകരെന്നും കർണാടകയിൽ നിയമവിധേയമായതിനാൽ കർണാടകയോട് ചേർന്നുകിടക്കുന്ന ഗ്രാമമെന്ന നിലയിൽ ഇവിടെയും ഇത് അനുവദിനീയമായിരിക്കും എന്ന തെറ്റിദ്ധാരണയിലാണ് സംഘാടകർ പോത്തോട്ടം നടത്താൻ തീരുമാനിച്ചത്. അതുസംബന്ധിച്ചുള്ള ബോധവത്കരണമാണ് നോട്ടീസ് നൽകിയതിലൂടെ നടത്താൻ ഉദ്ദേശിച്ചത്. മത്സരം നടത്തിയതിനാൽ സംഘാടകർക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here