തിരുവനന്തപുരം (www.mediavisionnews.in): രാജ്യമൊട്ടാകെ ഏകീകൃത ലൈസന്‍സ് കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ‘സാരഥി’ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും പ്ലാസ്റ്റിക്ക് കാര്‍ഡുകളാക്കുന്ന പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ആര്‍ടിഒ ഓഫീസുകളിലും നടപ്പാക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇതിനായി 18 ആര്‍ടിഒ ഓഫീസുകളിലും 61 സബ് ആര്‍ടിഒ ഓഫീസുകളിലും പുതിയ സോഫ്റ്റ് വെയര്‍ സംവിധാനം ഒരുങ്ങി. ജനുവരിയോടെ അപേക്ഷകര്‍ക്ക് പുതിയ സംവിധാനംവഴി സ്മാര്‍ട്ട് ലൈസന്‍സുകള്‍ ലഭിച്ചു തുടങ്ങും. നിലവില്‍ ‘സ്മാര്‍ട്ട് മൂവ്’ എന്ന സോഫ്റ്റ്‌വേയര്‍ വഴിയാണ് ലൈസന്‍സുകള്‍ നല്‍കിവരുന്നത്. ഈ സംവിധാനത്തില്‍ ഒരു ഓഫീസിലെ രേഖകള്‍ മറ്റ് ഓഫീസുകളില്‍ ലഭ്യമാകില്ല. കൂടാതെ ലൈസന്‍സ് മറ്റൊരിടത്തേക്ക് മാറ്റണമെങ്കില്‍ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണം. ഇതുവഴി വ്യാജ ലൈസന്‍സ് കണ്ടെത്തുന്നതിനും ഏറെ ബുദ്ധിമുട്ടാണ്.
ഓണ്‍ലൈന്‍ ലൈസന്‍സ് നടപടികളിലെ ക്രമക്കേടുകള്‍ തടയാനും സുരക്ഷ ഉറപ്പാക്കി മികച്ച സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഏകീകൃത വെബ് അധിഷ്ടിത
സോഫ്റ്റ്‌വേയര്‍ ‘സാരഥി’ തയ്യാറാക്കിയത്. ‘സാരഥി’ വഴി നല്‍കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് കേന്ദ്രീകൃത നമ്പര്‍ സംവിധാനം ഉണ്ടാകും. ഇവ രാജ്യത്തെ എല്ലാ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലും ലഭ്യമാകും. എവിടെനിന്ന് വേണമെങ്കിലും ലൈസന്‍സിന്റെ ആധികാരികത പരിശോധിക്കാം. സംസ്ഥാനത്തെ ആര്‍ടിഒ ഓഫീസുകളില്‍ സാരഥി ഉപയോഗിക്കുന്നവര്‍ക്കുള്ള പരിശീലനം ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും.
ആധാര്‍ പോലെ വെബ്‌സൈറ്റില്‍ ലൈസന്‍സിന്റെ പകര്‍പ്പും ലഭിക്കും. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് ഉപയോഗിക്കാം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ ലൈസന്‍സ് എടുത്ത് മറ്റൊരിടത്തേയ്ക്ക് മാറ്റി ഉപയോഗിക്കുന്ന രീതി ഇതിലൂടെ തടയാനാവും. പദ്ധതി നടപ്പായാല്‍ നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ ഘട്ടംഘട്ടമായി പുതിയ സംവിധാനത്തിലേക്ക് മാറ്റിയെടുക്കേണ്ടിവരും.
നിലവില്‍ മൂന്നിടങ്ങളില്‍ താത്കാലികമായി പ്ലാസ്റ്റിക് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ട്. അത് സംസ്ഥാനമൊട്ടാകെ വ്യാപിക്കാനാണ് തീരുമാനം. തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന്, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ,ആലപ്പുഴ എന്നീ ആര്‍ടി ഓഫീസ് പരിധിയില്‍ പെടുന്നവര്‍ക്കാണ് നിലവില്‍ ഇത്തരം ലൈസന്‍സ് വിതരണം ചെയ്യുന്നത്. വൈകാതെ തന്നെ മറ്റിടങ്ങളിലും ഇത് ലഭ്യമായി തുടങ്ങും.
കഴിഞ്ഞ മാര്‍ച്ചില്‍ കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് കാര്‍ഡിന്റെ ഡിസൈന്‍ പൈലറ്റ് പ്രൊജക്ടായി ചെയ്തിരിക്കുന്നത്. 12 ശതമാനം ജിഎസ്ടി ഉള്‍പ്പെടെ കാര്‍ഡൊന്നിന് 20.75 രൂപയാണ് ടെന്‍ഡര്‍. മറ്റു സംസ്ഥാനങ്ങളില്‍ പ്ലാസ്റ്റിക് കാര്‍ഡുകള്‍ നേരത്തേയുണ്ട്. കേരളത്തില്‍ ഇതിനായി ടെന്‍ഡര്‍ വിളിച്ചെങ്കിലും മുംബൈ ആസ്ഥാനമായ കമ്പനി കോടതിയില്‍ പോയതിനെത്തുടര്‍ന്ന് നിലച്ചിരുന്നു. സംസ്ഥാനത്തൊട്ടൊകെ ഓരോ വര്‍ഷവും പുതിയ ഏഴുലക്ഷം പേരാണ് ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നത്. നിലവില്‍ 80 ലക്ഷത്തോളം കാര്‍ഡുകള്‍ പ്ലാസ്റ്റിക് കാര്‍ഡുകളിലേക്ക് മാറേണ്ടി വരും.
മുഖ്യമായും ആറ് മാറ്റങ്ങളോടെയാണ് പുതിയ ഡ്രൈവിംഗ് ലൈസന്‍സ് അവതരിപ്പിക്കുന്നത്. ക്യൂ ആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ച പാറ്റേണ്‍ എന്നിങ്ങനെ ആറു സുരക്ഷാ സംവിധാനങ്ങള്‍ കാര്‍ഡില്‍ ഉണ്ടാകും. കൂടാതെ വ്യക്തിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും കാര്‍ഡിലുണ്ടാവും.
ഇളം മഞ്ഞ, പച്ച, വയലറ്റ് നിറങ്ങള്‍ കൂടിച്ചേര്‍ന്ന നിറത്തിലുള്ള രൂപ കല്‍പ്പനയാണ് മറ്റൊരു പ്രത്യേകത. സംസ്ഥാനസര്‍ക്കാറിന്റെ മുദ്ര, ഹോളോഗ്രാം, വ്യക്തിയുടെ ചിത്രം, രക്തഗ്രൂപ്പ് എന്നിവ മുന്‍വശത്ത് കാണത്തക്ക രീതിയിലാണ് പുതിയ കാര്‍ഡിന്റെ രൂപകല്പന. പിറകുവശത്താണ് ക്യുആര്‍ കോഡ്. ഇത് സ്‌കാന്‍ ചെയ്താല്‍ ലൈസന്‍സ് ഉടമയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും. മാത്രമല്ല, ലൈസന്‍സ് നമ്പര്‍, മോട്ടോര്‍ വാഹനവകുപ്പിന്റെ മുദ്ര എന്നിവയും കാര്‍ഡിന്റെ ഇരുവശങ്ങളിലും ഉണ്ടാകും.
ഇതോടെ വ്യാജ ലൈസന്‍സ് ഉപയോഗിച്ചുള്ള വാഹനം ഓടിക്കുന്നവര്‍ക്ക് മുട്ടന്‍പണിയാണ് കിട്ടിയിരിക്കുന്നത്. കേരളത്തിലും ഇത്തരം നിരവധി വ്യാജ ഡ്രൈവര്‍മാര്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. വ്യാജ ഡ്രൈവര്‍മാരുടെ എണ്ണം കൂടുന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഏകീതൃത ഡ്രൈവിങ് ലൈസന്‍സ് എന്ന തീരുമാനത്തിലേക്ക് എത്തുന്നത്.
മറ്റു സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസന്‍സിന്റെ ആധികാരികത പരിശോധിക്കാന്‍ പോലീസിനു സംവിധാനമില്ലാത്തതും വ്യാജ ലൈസന്‍സ് ഉടമകള്‍ക്ക് ഗുണകരമായിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ ലൈസന്‍സ് മെച്ചപ്പെട്ടതാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ലൈസന്‍സ് ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ തരതമ്യേന സങ്കീര്‍ണവും സുതാര്യവുമാണ്. എന്നാല്‍ ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല.
അതുകൊണ്ടു തന്നെ ചില ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലൈസന്‍സ് സ്വന്തമാക്കിയ പലരും കേരളത്തിലെ നിരത്തുകളില്‍ വാഹനം ഓടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുത്തന്‍ സംവിധാനം നടപ്പിലാകുന്നതോടെ ഇവര്‍ കുടുങ്ങും. വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ രാജ്യത്തെ 25 ശതമാനം ആളുകള്‍ വ്യാജ ലൈസന്‍സ് ഉപയോഗിക്കുന്നതായി കണ്ടെത്താന്‍ സാധിച്ചെന്നാണ് സൂചന. ഒറ്റ ലൈസന്‍സ് വരുന്നതോടെ വ്യാജ ലൈസന്‍സ് ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
വാഹനം പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൈസന്‍സ് ഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാവും പുതിയ ലൈസന്‍സ്. മൈക്രോചിപ്പ് അടക്കമുള്ള സംവിധാനങ്ങള്‍ കാര്‍ഡിന്റെ ഏകോപനം ഉറപ്പാക്കുന്നതായിരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. നിറവും രൂപവും സുരക്ഷാസവിശേഷതകളും ഒന്നുതന്നെയായിരിക്കും. സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലുളള ലൈസന്‍സില്‍ മൈക്രോ ചിപ്പ് അടക്കം ചെയ്യും. ക്യു ആര്‍ കോഡും രേഖപ്പെടുത്തും. ഏതു സംസ്ഥാനക്കാരനാണെന്നും ലൈസന്‍സ് നല്‍കിയ ആര്‍ടിഒയുടെ വിവരവും രേഖപ്പെടുത്തും.
ലൈസന്‍സ് ഉടമയുടെ രക്ത ഗ്രൂപ്പും അവയവദാനത്തിനുള്ള താല്‍പര്യവുമെല്ലാം പുതിയ സ്മാര്‍ട്ട് കാര്‍ഡില്‍ നിന്ന് അറിയാന്‍ സാധിക്കും. ഇത് അപകടമുണ്ടാവുമ്പോളുള്ള സാധ്യതകളെ മുന്നില്‍ കണ്ടാണെന്നാണ് വിലയിരുത്തല്‍. പുതിയതായി ലൈസന്‍സ് എടുക്കുന്നവര്‍ക്കു മാത്രമല്ല, പുതുക്കുന്നവര്‍ക്കും പുതിയ സ്മാര്‍ട്ട് ലൈന്‍സുകളാകും വിതരണം ചെയ്യുക.