റഹീം എം.എൽ.എയെ മന്ത്രിയാക്കാൻ ഐ.എൻ.എൽ കരുനീക്കം തുടങ്ങി !

0
209

(www.mediavisionnews.in): കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ഇടതുമുന്നണി പ്രവേശനം നേടിയ ഐ.എന്‍.എല്‍. ഇടത് സ്വതന്ത്ര എം.എല്‍.എമാരെ പാര്‍ട്ടിയിലെടുത്ത് മന്ത്രിസ്ഥാനം ആവശ്യപ്പെടാനൊരുങ്ങുന്നു. തുടര്‍ച്ചയായി മൂന്നു തവണ എം.എല്‍.എയായ പി.ടി.എ റഹീമിനെ മന്ത്രിയാക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാര്‍ട്ടി തുടങ്ങിക്കഴിഞ്ഞു.

നിലമ്പൂരില്‍ നിന്നു ജയിച്ച പി.വി അന്‍വര്‍, താനൂരില്‍ അബ്ദുറഹിമാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തിയ വി.അബ്ദുറഹ്മാന്‍, കൊടുവള്ളിയില്‍ നിന്നും ജയിച്ച കാരാട്ട് അബ്ദുറസാഖ് എന്നിവരുമായി ഐ.എന്‍.എല്‍ നേതൃത്വം പ്രാഥമിക ചര്‍ച്ചകള്‍ നടത്തി നടത്തിക്കഴിഞ്ഞതായാണ് വിവരം. മലബാറിലെ വലിയ സാമ്പത്തിക ശക്തിയായ കൊടുവള്ളിയിലെ സ്വര്‍ണലോബി ഈ ചര്‍ച്ചകള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്.

മന്ത്രിസ്ഥാനം ലഭിച്ചാല്‍ മുസ്ലിം ലീഗില്‍ പിളര്‍പ്പുണ്ടാക്കി വലിയ വിഭാഗത്തെ ഒപ്പം കൊണ്ടുവരാമെന്നാണ് ഐ.എന്‍.എല്‍ നേതൃത്വം സി.പി.എമ്മിനെ അറിയിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ കോട്ടയായ പൊന്നാനി പിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന സി.പി.എം, ഐ.എന്‍.എല്ലിന്റെ ആവശ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലീഗിനെ പിളര്‍ത്താന്‍ ഐ.എന്‍.എല്ലിനെ ഉപയോഗിക്കണമെന്ന നിലപാടാണ് മന്ത്രി കെ.ടി ജലീലിനുള്ളത്. ഭരണത്തില്‍ കാര്യമായ പ്രധാന്യവും പരിഗണനയുമില്ലെന്ന പരാതിയുമായി നാല് ഇടത് സ്വതന്ത്ര എം.എല്‍.എമാര്‍ നേരത്തെ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ കൂടിയാലോചനകള്‍ നടത്തിയെങ്കിലും സി.പി.എം നേതൃത്വം ഇടപെട്ട് വിലക്കുകയായിരുന്നു.

ഐ.എന്‍.എല്‍ ഇടതുമുന്നണി ഘടകകക്ഷിയായ സാഹചര്യത്തില്‍ രണ്ടില്‍ കൂടുതല്‍ എം.എല്‍.എമാരെത്തിയാല്‍ മന്ത്രിസ്ഥാനം നല്‍കേണ്ടിവരും. ഒറ്റ എം.എല്‍.എയുള്ള കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ഇടതുമുന്നണി മന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് പി.ടി.എ റഹീമിനെ മന്ത്രിയാക്കാനാണ് കൊടുവള്ളിയിലെ സ്വര്‍ണലോബി ചരട്വലിക്കുന്നത്.

തുടര്‍ച്ചയായി മൂന്നു തവണ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട പി.ടി.എ.റഹിമിന് ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. ലീഗില്‍ നിനെത്തിയ റഹീം നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും പാര്‍ട്ടിക്ക് ഇടതുമുന്നണി പ്രവേശനം അനുവദിച്ചിരുന്നില്ല.
മന്ത്രിസ്ഥാനം മുന്നണിയിലെ പാര്‍ട്ടികള്‍ക്കു മാത്രമായി നല്‍കാന്‍ സി.പി.എം തീരുമാനിച്ചതോടെ ഈ അവസരം നഷ്ടപ്പെടുകയായിരുന്നു. കുന്ദമംഗലത്തും കൊടുവള്ളിയിലും ഇടതുമുന്നണിയുടെ വിജയത്തിനു പിന്നില്‍ സ്വര്‍ണലോബിയുടെ പിന്തുണയുണ്ടായിരുന്നു.

സ്വതന്ത്ര എം.എല്‍എമാര്‍ ഐ.എന്‍.എല്ലില്‍ ചേര്‍ന്നാല്‍ ഇവരുണ്ടാക്കുന്ന പ്രശ്നങ്ങള്‍ സി.പി.എമ്മിനു തലവേദനയാവില്ലെന്ന വാദവും പാര്‍ട്ടിയിലുണ്ട്. പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ ഉയര്‍ന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരാതികള്‍ സി.പി.എം നേതൃത്വത്തിനു തലവേദനയായിരുന്നു. പി.ടി.എ റഹീമിനും കാരാട്ട് റസാഖിനുമെതിരെ സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധവും വിവാദമായിരുന്നു.

മലബാറില്‍ മുസ്ലിം ലീഗിന്റെ ശക്തിതകര്‍ത്താല്‍ മാത്രമേ ഭരണത്തുടര്‍ച്ച സാധ്യമാകൂ എന്ന വിലയിരുത്തലാണ് സി.പി.എം നേതൃത്വത്തിനുള്ളത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here